കണ്ണൂര്‍: ട്രോളിംഗ് നിരോധനം തുടങ്ങിയതോടെ മത്സ്യത്തിന്റെ വില വീണ്ടും കുത്തനേ കൂടി. ഇഷ്ടപ്പെട്ട മത്സ്യത്തിനെല്ലാം പൊള്ളുന്ന വിലയാണ്.
കേരളീയരുടെ പ്രിയപ്പെട്ട നാടന്‍ മത്തിക്ക് കിലോയ്ക്ക് 200 കടന്നു. ഇതോടെ മീന്‍വിഭവങ്ങള്‍ താത്കാലികമായി അടുക്കളയില്‍നിന്നു മാറ്റിവയ്ക്കേണ്ട സാഹചര്യമാണ്.
അയിലയ്ക്ക് 180 രൂപ മുതല്‍ 300 രൂപ വരെയാണ് വില. കിളിമീനിന് 250 രൂപ മുതലുമാണ് വില. ചൂരയ്ക്ക് 220 മുതലും ചെമ്മീനിന് 430 മുതലുമാണ് വില.
വിലകൂടിയ മീനായ നെയ്മീനിന് 1360 രൂപയാണ് കിലോയ്ക്ക് വില. പലയിടത്തും പല വിലകളാണ് ഈടാക്കുന്നത്.
മീൻ പ്രേമികൾക്ക് ഇപ്പോൾ ഏക ആശ്വാസം നത്തലാണ്. ട്രോളിംഗ് നിരോധനം തുടങ്ങിയശേഷം വള്ളങ്ങളിലും മറ്റും മീൻ പിടിക്കുന്നവർക്ക് നത്തൽ യഥേഷ്ടം ലഭിക്കുന്നുണ്ട്. കിലോയ്ക്ക് 50 രൂപ മുതലാണ് വില.
വില കുറവായതിനാലും രുചിയുള്ളതിനാലും നത്തല് തീന്മേശയില് ഇടംപിടിച്ചിരിക്കുകയാണ്. ട്രോളിംഗ് നിരോധനമുണ്ടെങ്കിലും മീനിന് വലിയ ക്ഷാമം നേരിടുന്നില്ല.
അന്യ സംസ്ഥാനങ്ങളിൽനിന്നുള്ള മീൻ വരവ് വ്യാപകമാണ്. അതേസമയം ഉണക്ക മത്സ്യത്തിനും കോഴിയിറച്ചിക്കും വില വര്‍ധിച്ചിട്ടുണ്ട്.
Post a Comment