ഉത്തരാഖണ്ഡിൽ ഓടുന്ന കാറിനുള്ളിൽ അമ്മയും ആറ് വയസ്സുകാരി മകളും കൂട്ടബലാത്സംഗത്തിന്നിരയായി. ഹരിദ്വാറിന് അടുത്ത് റൂർക്കിയിലാണ് സംഭവം നടന്നത്. മുസ്ലീം തീർത്ഥാടന കേന്ദ്രമായ പിരൺ കാളിയാറിലേക്ക് പോകുകയായിരുന്നു അമ്മയും മകളും എന്ന് പൊലീസ് പറഞ്ഞു. ലിഫ്റ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റിയ സോനു എന്നയാളും അയാളുടെ സുഹൃത്തുക്കളും ചേർന്നാണ് ഇരുവർക്കുമെതിരെ അതിക്രമം നടത്തിയത്. തുടർന്ന് പ്രതികൾ അമ്മയെയും മകളെയും ആളൊഴിഞ്ഞ കനാലിന് സമീപം ഉപേക്ഷിച്ച ശേഷം കടന്ന് കളയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ബലാത്സംഗത്തിന് ഇരയായ സ്ത്രീ തന്നെയാണ് സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചത്. ഇരുവരെയും റൂർക്കിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ പരിശോധനയിൽ ബലാത്സംഗം നടന്നതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
നടന്ന സംഭവം പൊലീസിനെ അറിയിച്ചെങ്കിലും കാറിൽ എത്ര പേർ ഉണ്ടായിരുന്നു എന്നതിൽ വ്യക്തതയായിട്ടില്ല. എത്ര പേർ ഉപദ്രവിച്ചു എന്ന് പറയാൻ അതിക്രമത്തിന് ഇരയായവർക്ക് കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സോനു എന്നയാളാണ് വാഹനം ഓടിച്ചത് എന്ന് സ്ത്രീ മൊഴി നൽകിയിട്ടുണ്ട്. ഇവരുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതികളെ കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്.
Post a Comment