Join News @ Iritty Whats App Group

മൂന്നുമാസം മുന്‍പ് വളര്‍ത്തുനായ കടിച്ചു; പേ വിഷബാധയേറ്റ് തൃശൂരിലും മരണം

കൊടുങ്ങല്ലൂര്‍: പേ വിഷബാധയേറ്റ വയോധികന്‍ മരിച്ചു. പെരിഞ്ഞനം കോവിലകം സ്വദേശി പതുക്കാട്ടില്‍ ഉണ്ണിക്കൃഷ്ണന്‍ (60) ആണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. മൂന്ന് മാസം മുന്‍പാണ് ഇദ്ദേഹത്തിന് വളര്‍ത്തു നായയുടെ കടിയേറ്റത്. കടിച്ച നായ പിന്നീട് ചാവുകയും ചെയ്തു. ഏതാനും ദിവസം മുന്‍പ് അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പരിശോധനയില്‍ പേ വിഷബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ ഇയാള്‍ മരിച്ചതായി വാര്‍ത്ത പരന്നിരുന്നു, സംസ്‌കാര
ചടങ്ങുകള്‍ക്കായുള്ള ഒരുക്കങ്ങളെല്ലാം കഴിഞ്ഞപ്പോളാണ് വിവരം തെറ്റാണെന്ന് മെഡിക്കല്‍ കോളജ് തിരുത്തിയത്. വ്യാഴാഴ്ച വൈകിട്ടോടെ മരിച്ചതായി സ്ഥിരീകരിച്ചു. ഇതിനിടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പേ വിഷബാധയേറ്റ് ചികിത്സയിലുള്ള മലപ്പുറം സ്വദേശിയുടെ നില ഗുരുതരമായി തുടരുന്നു.

പേ വിഷബാധയേറ്റ് ജില്ലയില്‍ ശ്രീലക്ഷ്മി എന്ന യുവതിയുടെ മരണത്തിന് പിന്നാലെയാണ് സംസ്ഥാനത്ത് രണ്ടാമത്തെ സംഭവവും റിപ്പോര്‍ട്ട് ചെയ്യുന്നത്. അയല്‍വീട്ടിലെ വളര്‍ത്തുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന മങ്കര മഞ്ഞക്കര പടിഞ്ഞാറക്കര വീട്ടില്‍ സുഗുണന്റെ മകള്‍ ശ്രീലക്ഷ്മി (19) വ്യാഴാഴ്ചയാണ് മരിച്ചത്. മേയ് 30-ന് രാവിലെ കോളേജിലേക്ക് പോകുമ്പോഴാണ് ശ്രീലക്ഷ്മിക്ക് സമീപത്തെ വീട്ടിലെ നായയുടെ കടിയേറ്റത്. തുടര്‍ന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച മുഴുവന്‍ വാക്സിനുകളും എടുത്തിരുന്നു. രണ്ടുദിവസം മുമ്പാണ് ശ്രീലക്ഷ്മിക്ക് പേവിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. ഉടന്‍ തന്നെ മങ്കരയിലെ സ്വകാര്യ ആശുപത്രിയിലും തൃശൂര്‍ മെഡിക്കല്‍ കോളേജിലും ചികിത്സതേടിയെങ്കിലും മരണപ്പെടുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group