കണ്ണൂര്‍: പ്രവാചകനിന്ദയില്‍ രാജ്യത്ത് പ്രതിഷേധം തുടരുന്നതിനിടെ പള്ളികളില്‍ ജുമുഅ പ്രഭാഷണങ്ങള്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് പൊലീസിന്റെ മുന്നറിയിപ്പ്.
കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ പൊലീസാണ് പ്രദേശത്തെ ഏതാനും പള്ളികള്‍ക്ക് ഇതുസംബന്ധിച്ച് നോട്ടീസ് നല്‍കിയത്.പ്രവാചകനിന്ദ നടന്നതായി പറയപ്പെടുന്ന സംഭവത്തോടനുബന്ധിച്ച് രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യത്തില്‍ പള്ളികളില്‍ ജുമുഅക്ക് ശേഷം നടത്തുന്ന പ്രഭാഷണങ്ങള്‍ സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതോ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്നതോ ആയ രീതിയില്‍ നടത്തിയാല്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് പൊലീസ് മഹല്ല് ഭാരവാഹികള്‍ക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നത്. മയ്യില്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസറാണ് നോട്ടീസില്‍ ഒപ്പുവെച്ചിട്ടുള്ളത്.
ജില്ലയില്‍ മറ്റെവിടെയും ഇതുവരെ ഇത്തരം പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ഇത്തരമൊരു നിര്‍ദേശം പൊലീസിന് നല്‍കിയിട്ടില്ലെന്നാണ് ജില്ല പൊലീസ് അധികാരികള്‍ ചോദ്യങ്ങള്‍ക്ക് നല്‍കുന്ന മറുപടി. മതപരമായി, വിശ്വാസികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് പള്ളികളിലെ പ്രഭാഷണങ്ങളില്‍ ഉള്‍പ്പെടുത്താറുള്ളത്.
മതസൗഹാര്‍ദം തകര്‍ക്കുന്ന പ്രഭാഷണങ്ങള്‍ കേരളത്തിലെ ഒരു പള്ളിയിലും നടത്തിയതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പള്ളികളിലെ പ്രഭാഷണങ്ങള്‍ മാത്രം നിയന്ത്രിക്കാനുള്ള പൊലീസിന്റെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Post a Comment