Join News @ Iritty Whats App Group

അപ്രതീക്ഷിതമായി ലോട്ടറിയടിച്ച അസം സ്വദേശി ഓടികയറിയത് പോലീസ് സ്റ്റേഷനിലേക്ക്

പെട്ടെന്ന് ലക്ഷാധിപതി ആയപ്പോൾ അലാലുദ്ദീൻ (40) എന്ന അസം സ്വദേശി ആദ്യം ഒന്ന് ഭയന്നു, പിന്നെ സന്തോഷം ഉള്ളിലടക്കി നേരേ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്കോടി. അവിടെ പി.ആർ.ഒ. ആർ. അനിൽകുമാറിന്റെ പക്കൽ ടിക്കറ്റേല്പിച്ചു. കാര്യങ്ങൾ പോലീസുകാരെ പറഞ്ഞു ധരിപ്പിക്കാൻ അല്പസമയം വേണ്ടിവന്നു. അപ്പോഴേക്കും വൈകീട്ട് ആറര കഴിഞ്ഞിരുന്നു. വ്യാഴാഴ്ച നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയാണ് 80 ലക്ഷത്തിന്റെ ഭാഗ്യം അലാലുദ്ദീന് സമ്മാനിച്ചത്.

ലോട്ടറിയും മറ്റ് തിരിച്ചറിയൽ രേഖകളും എല്ലാം പരിശോധിച്ച പോലീസ് അലാലുദ്ദീനെ നേരേ ബാങ്ക് ഓഫ് ബറോഡയുടെ മൂവാറ്റുപുഴ ശാഖയിലേക്ക് കൂട്ടിക്കൊണ്ടുപോയി. മാനേജർ ബിജോമോനോട് കാര്യങ്ങൾ വിശദീകരിച്ചു. അപ്പോൾതന്നെ ലോട്ടറി കൈപ്പറ്റി മാനേജർ രസീത് നല്കി. വ്യാഴാഴ്ച മൂവാറ്റുപുഴ ശാഖയിൽ മാനേജരായി ചുമതല എടുത്തതേയുണ്ടായിരുന്നുള്ളു ബിജോ. ഇദ്ദേഹത്തിനും തന്റെ ആദ്യ ദിനം അവിസ്മരണീയമായി. വെള്ളിയാഴ്ച രാവിലെ ബാക്കി നടപടികൾ പൂർത്തിയാക്കും.

തന്റെ ഔദ്യോഗിക ജീവിതത്തിലെ അപൂർവ സംഭവമാണിതെന്ന് പി.ആർ.ഒ. എസ്.ഐ. അനിൽകുമാർ പറഞ്ഞു. അസം നഗോൺ സ്വദേശിയായ അലാലുദ്ദീൻ 15 വർഷത്തോളമായി കേരളത്തിലുണ്ട്. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയിൽ താമസിച്ച് തടിപ്പണി ചെയ്യുന്നു. രണ്ട് മക്കളും ഭാര്യയും അടങ്ങുന്ന കുടുംബം നാട്ടിലാണ്. അവരെ വിളിച്ച് സന്തോഷ വിവരം അറിയിച്ചു. നടന്നു വിൽക്കുന്ന ആളിൽ നിന്നാണ് ലോട്ടറി വാങ്ങിയത്

Post a Comment

Previous Post Next Post
Join Our Whats App Group