കണ്ണൂർ:-സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾക്കെതിരെ പരാതിനൽകാൻ ജില്ലയിൽ വിപുലമായ സൗകര്യങ്ങളുമായി വനിതാ ശിശുവികസന വകുപ്പ്. കലക്ടറേറ്റിലെ വുമൺ പ്രൊട്ടക്ഷൻ ഓഫീസുൾപ്പെടെ ഒമ്പതു കേന്ദ്രങ്ങളിലാണ് അതിക്രമങ്ങളെപ്പറ്റി പരാതിപ്പെടാൻ സൗകര്യം ഒരുക്കിയിട്ടുള്ളത്.
സർക്കാറിന് കീഴിൽ കലക്ടറേറ്റിലെ വുമൺ പ്രൊട്ടക്ഷൻ ഓഫീസ് (8281999064), 24 മണിക്കൂറും പ്രവർത്തിക്കുന്നകൂത്തുപറമ്പിലെ സഖി വൺ സ്റ്റോപ്പ് സെന്റർ (7306996066), തലശ്ശേരി ഗവ. മഹിളാ മന്ദിരം (04902321511), എൻജിഒകളായ തളാപ്പിലെ ഹൃദയാരാം സർവീസ് പ്രൊവൈഡിങ് സെന്റർ (9447278001), പഴയങ്ങാടി ശാസ്ത (8075466112), പള്ളിക്കുന്നിലെ മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി (9497838063), ചാലോട് പീപ്പിൾ ആക്ഷൻ ഫോർ കമ്യുണിറ്റി എംപവർമെൻറ് (9946678858), തലശ്ശേരി ടിഎസ്എസ് (04902342270), മേലെ ചൊവ്വയിലെ ഐആർപിസി (9061462985) എന്നിവിടങ്ങളിലാണ് പരാതികൾ നൽകാനാകുക.
സ്ത്രീകൾക്ക് ഏതു സമയത്തും പരാതികളുമായി വനിതാ ശിശുവികസന വകുപ്പിനെ സമീപിക്കാം. വീടുകളിലോ തൊഴിൽസ്ഥലങ്ങളിലോ പൊതുയിടങ്ങളിലോ സ്ത്രീകൾ അതിക്രമം നേരിടുകയാണെങ്കിൽ ഉടൻ പരാതി നൽകാവുന്നതാണ്.
നേരിട്ടോ ഫോൺവഴിയോ ഇ മെയിൽ വഴിയോ പരാതി നൽകാം. ഒന്നര വർഷത്തിനിടെ 1902 സ്ത്രീകളാണ് ജില്ലയിൽ ഈ സേവനം പ്രയോജനപ്പെടുത്തിയത്. 2021ൽ 1288 പേരാണ് പരാതി നൽകിയത്. ഈ വർഷം ഇതുവരെ 614 പേർ പരാതികളുമായെത്തി. ഗാർഹിക അതിക്രമപരാതികളായിരുന്നു ഏറെയും. പരാതികൾ ലഭിച്ചാൽ ഉടൻ വനിതാ സംരക്ഷണ ഓഫീസർ അന്വേഷിച്ച് തുടർനടപടി സ്വീകരിക്കും.
ആവശ്യമെങ്കിൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഡൊമസ്റ്റിക് ഇൻസിഡന്റ് റിപ്പോർട്ട് (ഡിഐആർ) വുമൺ പ്രൊട്ടക്ഷൻ ഓഫിസർ നൽകുന്നതോടെ എതിർകക്ഷിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യപ്പെടും. അതിക്രമം നേരിട്ട സ്ത്രീകൾക്ക് അഭയകേന്ദ്രവും സൗജന്യമായി സർക്കാർ ഒരുക്കുന്നുണ്ട്.
കൂടാതെ ജില്ലാ നിയമസേവന അതോറിറ്റി, താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റികൾ മുഖേന സൗജന്യ നിയമസഹായവും അതിക്രമം നേരിടുന്ന സ്ത്രീകൾക്ക് ലഭിക്കും. അതിക്രമം നേരിടുന്ന സ്ത്രീകൾക്ക് ജില്ലാ ആശുപത്രിയിലും താലൂക്ക് ആശുപത്രികളിലും സൗജന്യ ചികിത്സ സർക്കാർ ഉറപ്പാക്കുന്നുണ്ടെന്ന് വനിതാ സംരക്ഷണ ഓഫീസർ പി സുലജ അറിയിച്ചു.
Post a Comment