Join News @ Iritty Whats App Group

ഇടുക്കിയില്‍ പതിനാറ് വയസുകാരിയെ വൈദികന്‍ സ്‌കൂളില്‍ വച്ച് പീഡിപ്പിച്ചതായി പരാതി;പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് സ്കൂൾ അധികൃതർ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ സ്‌കൂളില്‍വെച്ച് പീഡിപ്പിച്ചതായി പരാതി. ഇടുക്കി തങ്കമണിക്ക് സമീപമുള്ള സ്‌കൂളിലാണ് സംഭവം നടന്നതെന്നാണ് പെണ്‍ക്കുട്ടി നല്‍കിയ പരാതിയില്‍ ഉള്ളത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പീഡനം നടന്നതായി വ്യക്തമായാല്‍ വൈദികനെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. 

തങ്കമണി പൊലീസാണ് കേസില്‍ അന്വേഷണം നടത്തുന്നത്. ഒരു വര്‍ഷം മുമ്പാണ് സംഭവം. വൈദികന്‍ തന്നെ സ്‌കൂളില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. നിലവില്‍ പെണ്‍കുട്ടിയെ അപമാനിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ അന്വേഷണത്തില്‍ പീഡനം നടന്നിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. 

അതേസമയം വൈദികന്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും ടിസി വാങ്ങാന്‍ എത്തിയപ്പോള്‍ ഫീസ് അടക്കാന്‍ നിര്‍ബന്ധിച്ചതിന്റെ വൈരാഗ്യത്തിന് കുട്ടി വൈദികനെതിരെ വ്യാജ പരാതി നല്‍കിയതാണെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം. സ്കൂള്‍ അധികൃതരുടെ ആരോപണവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group