Join News @ Iritty Whats App Group

ആ‍ര്‍ഡിഒ കോടതിയിലെ തൊണ്ടി മോഷ്ടിച്ചത് സീനിയ‍ര്‍ സൂപ്രണ്ട്: പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം ആ‍ര്‍ഡിഒ കോടതിയിലെ തൊണ്ടി മോഷണത്തിൽ പ്രതി പിടിയിൽ മുൻ സീനിയ‍ര്‍ സൂപ്രണ്ട് ശ്രീകണ്ഠൻ നായരെയാണ് പേരൂ‍ര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക പ്രയാസം വന്നപ്പോഴാണ് തൊണ്ടി സ്വർണം മോഷ്ടിച്ചതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. ഇന്നു പുല‍ര്‍ച്ചെയാണ് പേരൂര്‍ക്കടയിൽ വീട്ടിൽ നിന്നും ഇയാളെ കസ്റ്റഡിയിലെടുത്തത്. 

തിരുവനന്തപുരം ആർഡിഒ കോടതിയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന നൂറു പവനിലധികം സ്വർണവും, ഇതുകൂടാതെ വെള്ളി ആഭരണങ്ങളും പണവുമാണ് മോഷണം പോയത്. കളക്ടറിലേറ്റിൽ നിന്നും തൊണ്ടിമുതലുകള്‍ കാണായാതതിന് കഴിഞ്ഞ മാസം 31നാണ് സബ് കളക്ടറുടെ പരാതിയിൽ പേരൂർക്കട പൊലീസ് കേസെടുത്തത്. കളക്ടേറ്റിൽ നിന്നും തൊണ്ടിമുതലുകൾ മോഷ്ടിച്ച കേസ് വിജിലൻസിന് കൈമാറാൻ റവന്യൂവകുപ്പ് ശുപാർശ ചെയ്തിരുന്നു. 

ഇക്കാര്യത്തിൽ ഉത്തരവ് വൈകുന്നതിൽ വിമ‍ര്‍ശനം മുറുകുന്നതിനിടെയാണ് പ്രതിയെ അറസ്റ്റ് ചെയ്ത് പേ‍രൂര്‍ക്കട പൊലീസ് അന്വേഷണം ക്ലൈമാക്സിലേക്ക് എത്തിച്ചത്. ആ‍ര്‍ഡിഒ കോടതി ലോക്കറിൻ്റെ ചുമതലയുള്ള ഉദ്യോഗസ്ഥ‍‍ര്‍ തന്നെയാണ് മോഷത്തിന് പിന്നിലെന്ന് അന്വേഷണത്തിൻ്റെ ആദ്യഘട്ടത്തിൽ തന്നെ പൊലീസിനെ വ്യക്തമായിരുന്നു. പൊലീസിൻ്റെ വിശദമായ പരിശോധനയിൽ ഏതാണ്ട് 110 പവൻ സ്വ‍ര്‍ണം മോഷണം പോയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 

സീനിയർ സൂപ്രണ്ടുമാരായി ചുമതലയേറ്റെടുക്കുമ്പോള്‍ തൊണ്ടിമുതലുകള്‍ തൂക്കി തിട്ടപ്പെടുത്തി രജിസ്റ്ററിൽ രേഖപ്പെടുത്തിവേണം ഓരോ ഉദ്യോഗസ്ഥനും സ്ഥാനമേറ്റെടുക്കേണ്ടത്. പക്ഷെ ഈ മാനദണ്ഡം ഉദ്യോഗസ്ഥർ കൃത്യമായി പാലിച്ചിട്ടില്ല. വിജിലൻസ് അന്വേഷണം വന്നാൽ സ്വർണം മോഷ്ടിച്ച ഉദ്യോഗസ്ഥർക്ക് മാത്രമല്ല ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഗുരുതര വീഴ്ചവരുത്തിയവർക്കെതിരെയും കേസെടുക്കാം. 

തൊണ്ടിമുതലുകളുടെ ചുമതലയുള്ള സീനിയ‍ര്‍ സൂപ്രണ്ടായി ഒരു വര്‍ഷത്തോളം ശ്രീകണ്ഠൻ നായ‍ര്‍ പ്രവര്‍ത്തിച്ചിരുന്നു. ഇക്കാലയളവിലാണ് മോഷം നടന്നത്. 2020 മാര്‍ച്ചിലാണ് ഈ പദവിയിലേക്ക് എത്തിയത്. 2021 ഫെബ്രുവരിയിൽ ഇതേ പദവിയിലിരുന്ന് വിരമിക്കുകയും ചെയ്തു. അന്വേഷണത്തിൻ്റെ ആദ്യഘട്ടത്തിൽ തന്നെ ഇദ്ദേഹത്തെ പൊലീസ് സംശയിച്ചിരുന്നു. വിശദമായ അന്വേഷണത്തിൽ ചില സ്വകാര്യ സ്ഥാപനങ്ങളിൽ ഇയാൾ വലിയ അളവിൽ സ്വ‍ര്‍ണം പണയം വച്ചെന്നും ചിലയിടത്ത് സ്വ‍ര്‍ണ്ണം നേരിട്ട് വിറ്റെന്നും പൊലീസ് കണ്ടെത്തി. 

പ്രതി ഒറ്റയ്ക്കാണ് മോഷണം ആസൂത്രണം ചെയ്തതെന്നും നടപ്പാക്കിയതെന്നുമാണ് പൊലീസിൻ്റെ നിലവിലെ നിഗമനം. ആര്‍ഡിഒ ഓഫീസിലെ വേറേതെങ്കിലും ഉദ്യോഗസ്ഥ‍ര്‍ക്ക് ഇതിൽ പങ്കുണ്ടോ എന്നറിയാൻ ഉദ്യോഗസ്ഥനെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണസംഘം. സ്വകാര്യ ധനകാര്യസ്ഥാപനങ്ങളിൽ ശ്രീകണ്ഠൻ നായ‍ര്‍ പണയം വച്ച സ്വര്‍ണ്ണത്തിൽ നല്ലൊരു പങ്കും കുടിശ്ശിക അടയ്ക്കാത്ത കാരണം ലേലത്തിൽ വിറ്റു പോയെന്നാണ് സൂചന. 

Post a Comment

أحدث أقدم
Join Our Whats App Group