വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി നടപടിയെ സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കള്ളമൊഴികളും വ്യാജറിപ്പോര്‍ട്ടും തയ്യാറാക്കി വിമാനത്തിലെ പ്രതിഷേധത്തെ ഭീകരപ്രവര്‍ത്തനമായി ചിത്രീകരിച്ച സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും കപടവാദങ്ങളാണ് ഇതോടെ പൊളിഞ്ഞതെന്നും സുധാകരന്‍ പറഞ്ഞു
കള്ളക്കേസ് എടുത്ത് യുവാക്കളെ ജയിലിലടക്കാനുള്ള സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനേറ്റ കനത്ത പ്രഹരം കൂടിയാണിതെന്ന് അദ്ദേഹം പറഞ്ഞു. കന്റോണ്‍മെന്റ് ഹൗസ് അക്രമിച്ച് പ്രതിപക്ഷനേതാവിനെ വകവരുത്താന്‍ ശ്രമിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് സ്റ്റേഷന്‍ ജാമ്യം അനുവദിച്ച പോലീസാണ് വിമാനത്തിലെ പ്രതിഷേധത്തിന്റെ പേരില്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കള്ളക്കേസുമായി മുന്നോട്ട് പോകുന്നതെന്നും സമാന വിഷയങ്ങളിലെ പോലീസിന്റ ഇരട്ടനീതി വിചിത്രമാണെന്നും സുധാകരന്‍ പറഞ്ഞു.
പ്രവര്‍ത്തകരെ മദ്യപാനികളാക്കി ചിത്രീകരിച്ച് അപമാനിച്ച എല്‍ഡിഎഫ് കണ്‍വീനറും സിപിഎമ്മും ആ ആരോപണം വൈദ്യപരിശോധനയില്‍ കള്ളമാണെന്ന് തെളിഞ്ഞിട്ടും ഇതുവരെ പരസ്യമായി മാപ്പുപറയാന്‍ തയ്യാറായില്ലെന്നത് പരിഹാസ്യമാണ്.
മുഖ്യമന്ത്രി വിമാനത്തില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം ഉണ്ടായതെന്നാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കുട്ടികളെ മര്‍ദ്ദിച്ച ഇപി ജയരാജനും പറഞ്ഞത്. എന്നാല്‍ വധശ്രമക്കേസ് നിലനില്‍ക്കില്ലെന്ന ബോധ്യം ഇരുവര്‍ക്കും വന്നപ്പോള്‍ മൊഴി മാറ്റിപ്പറയുകയായിരുന്നു.
കൂടാതെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ കള്ളമൊഴി നല്‍കുകയും ചെയ്തു. നിരപരാധികളായ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ രാഷ്ട്രീയ കുടിപ്പകയുടെ പേരില്‍ ബലിയാടാക്കി ഇരുട്ടറകളില്‍ തള്ളാനായി ഒത്തുകളിച്ച ഇവര്‍ക്കെതിരെയാണ് കേസെടുക്കേണ്ടതെന്നും സുധാകരന്‍ പറഞ്ഞു.
Post a Comment