ഇരിട്ടി: ആറളം വന്യജീവി സങ്കേതം അതിരിടുന്ന ആറളം ഫാമിൽ കാട്ടാന ആക്രമണം തടയാൻ ആനമതിൽ വേണ്ടെന്നും പകരം സൗരോർജ്ജ തൂക്കു വേലി മതിയെന്നും ഹൈക്കോടതി ഉത്തരവ്. ഇത് സംബന്ധിച്ച് ഫാമിലെ സാഹചര്യം പരിശോധിക്കാനെത്തിയ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവർ അടങ്ങിയ ഡിവിഷൻ ബഞ്ച് നിർദ്ദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 5 ന് ഇതേ ബഞ്ച് ഇവിടെ അനാമത്തിൽ നിർമ്മാണം ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാക്കണം എന്ന് ചീഫ് സെക്രട്ടറിക്ക് ഉത്തരവ് നൽകിയിരുന്നു.
വനാതിർത്തി പങ്കിടുന്ന ആറളം ഫാം പുനരധിവാസ മേഖലയിൽ നിരന്തരമായുണ്ടാകുന്ന വന്യമൃഗ ശല്യവും നിരവധി പേരുടെ അടിക്കടി ഉണ്ടാകുന്ന മരണവും, താമസക്കാരായ ആദിവാസികളുടെ ക്ഷേമത്തിനായുള്ള വിവിധ പദ്ധതികൾ നടപ്പാക്കുന്നതിലെ നിഷ്ക്രിയത്വവും ചൂണ്ടി കാണിച്ചുകൊണ്ട് ഇവിടെത്തെ താമസക്കാരായ ചന്ദ്രൻ, ശശി, തമ്പാൻ ,ഷാജി എന്നിവർ നൽകിയ ഹരജി പരിഗണിച്ചാണ് കോടതി അന്ന് അനാമത്തിൽ നിർമ്മിക്കണമെന്ന് ഉത്തരവ് നൽകിയത്. ഇതിനു പിന്നാലെ ഇവിടുത്തെ സാഹചര്യങ്ങൾ പരിശോധിക്കുന്നതിനായി ചീഫ് സിക്രട്ടറി ഒരു വിദഗ്ധ സമിതിയെ ആറളം ഫാമിലേക്കു അയച്ചിരുന്നു. ഇവിടെ ആന മതിൽ നിർമ്മാണം അപ്രായോഗികമാണെന്നും ഭരിച്ച ചിലവ് വരുന്നതാണെന്നും മറ്റു സംസ്ഥാനങ്ങളായ കർണ്ണാടകയിലും തമിഴ്‌നാട്ടിലും മറ്റും പരീക്ഷിച്ച സൗരോർജ്ജ തൂക്കുവേലി ഫലപ്രദമാണെന്നും ഇവർ റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ട് പരിഗണിച്ചാണ് ഇപ്പോൾ ഹൈക്കോടതി പുതിയ ഉത്തരവ് നൽകിയിരിക്കുന്നത്.
ഹൈക്കോടതിയുടെ പുതിയ ഉത്തരവിനെത്തുടർന്ന് തുടർ നടപടികൾ ആലോചിക്കുന്നതിനായി ചീഫ് സിക്രട്ടറി ഇന്ന് 2.30 ന് തിരുവന്തപുരത്ത് വനം , മരാമത്ത്, എസ് സി - എസ് ടി , ടി ആർ ഡി എം വകുപ്പ് മേധാവികൾ കലക്ടർ, ആറളം ഫാം എം ഡി എന്നിവരുടെ യോഗം വിളിച്ചിട്ടുണ്ട്.
കഴിഞ്ഞ ഫിബ്രവരി ഏഴിന് മന്ത്രിമാരായ എം. വി. ഗോവിന്ദൻ, എ.കെ. ശശീന്ദ്രൻ, കെ. രാധാകൃഷ്ണൻ എം എൽ എ മാരായ സണ്ണി ജോസഫ് , കെ.കെ. ശൈലജ എന്നിവരുടെ നേതൃത്വത്ത്തിൽ ആറളം ഫാമിൽ നടന്ന യോഗം വിദഗ്ധ സമിതിയുടെ നിർദ്ദേശം തള്ളുകയും ആനമതിൽ തന്നെ പണിയാനും തീരുമാനിച്ചിരുന്നു. ഇതിനിടയിൽ കഴിഞ്ഞദിവസം അതിർത്തി പങ്കിടുന്ന 1. 35 കിലോമീറ്ററിൽ പണിയാൻ തീരുമാനിച്ച ആന മതിൽ സംവിധാനം 2.5 കിലോമീറ്ററാക്കി ചുരുക്കി പണിയാൻ പൊതുമരാമത്തു വിഭാഗം ടെണ്ടർ വിളിക്കാൻ ഒരുങ്ങിയിരുന്നു. ഇതിനെതിരെ വൻ പ്രതിഷേധം ഉയരുന്നതിനിടയിലാണ് ഇപ്പോൾ ഹൈക്കോടതി മതിൽ എന്ന സംവിധാനം തന്നെ തള്ളിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
Post a Comment