പാലക്കാട് മുതലമടയിൽ വേർപിരിഞ്ഞു കഴിയുന്ന ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയുണ്ടായ സംഘർഷത്തിൽ മൂന്നുപേർക്ക് വെട്ടേറ്റു. ആയുർവേദ നിർമാണ കമ്പനി ഉടമയും പരിസ്ഥിതി പ്രവർത്തകനുമായ ആറുമുഖൻ പത്തച്ചിറ, കമ്പനിയിലെ ജീവനക്കാരി സുധ, സുധയുടെ ഭർത്താവ് രാമനാഥൻ എന്നിവർക്കാണ് വെട്ടേറ്റത്.
സുധ ജോലി ചെയ്യുന്ന കമ്പനിയിലെത്തിയാണ് രാമനാഥൻ ഇവരെ വെട്ടിയത്. സുധയുടെ നിലവിളി കേട്ട് ഓടിയെത്തിയ ആറുമുഖൻ തടയാൻ ശ്രമിക്കുന്നതിനിടെയുണ്ടായ സംഘർഷത്തിൽ രാമനും ആറുമുഖനും പരസ്പരം വെട്ടേറ്റു. രാമനാഥന് മുഖത്തുൾപ്പെടെ ഗുരുതര പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ആറുമുഖനേയും സുധയേയും നെന്മാറയിലെസ്വകാര്യ ആശുപത്രിയിലും രാമനാഥനെ പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
രാമനാഥനുമായി അകന്നുകഴിയുകയാണ് ഭാര്യ സുധ. രാമനാഥനൊപ്പം പോകുന്നതു സംബന്ധിച്ച് മധ്യസ്ഥ ചർച്ചകൾ നടന്നെങ്കിലും സുധ പോകാൻ തയ്യാറായില്ല. ഇതിനിടെ സുധയോടൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ആറുമുഖൻ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ഇതാണ് രാമനാഥനെ പ്രകോപിപ്പിച്ചത് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. വെട്ടേറ്റവരുടെ മൊഴിയെടുക്കലും കൂടുതൽ അന്വേഷണവും നടത്തിയാൽ മാത്രമേ യഥാർത്ഥ കാരണങ്ങൾ വ്യക്തമാകുവെന്ന് കൊല്ലങ്കോട് പൊലീസ് വ്യക്തമാക്കി.
Post a Comment