രാജ്യത്തൊട്ടാകെ സ്‌മാർട്ട് വൈദ്യുതി മീറ്റർ നടപ്പാക്കാനുള്ള തീരുമാനത്തിലാണ് കേന്ദ്ര സർക്കാർ. പേരു പോലെത്തന്നെ ‘സ്‌മാർട്ട്’ ആണ് ഈ മീറ്റർ. അടുത്ത വർഷം ഡിസംബർ 31 ആകുമ്പോൾ പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. പക്ഷേ മുന്നിൽ ഒരുപാട് പ്രായോഗിക തടസ്സങ്ങൾ ഉണ്ട്. വൈദ്യുതി ബിൽ കൃത്യസമയത്ത് അടച്ചില്ലെങ്കില്‍ തനിയെ വൈദ്യുതി ബന്ധം വിച്ഛേദിക്കാനുള്ള കഴിവുണ്ട് ഈ സ്മാർട്ട് മീറ്ററിന്. റീചാർജ് ചെയ്ത് ഇതുപയോഗിക്കാനും സാധിക്കും. പക്ഷേ സർക്കാർ ഓഫിസുകളിൽ ഇത് പ്രായോഗികമാകുമോ? ഇപ്പോൾത്തന്നെ വൻതുകകളാണ് വൈദ്യുതി ബിൽ ഇനത്തിൽ പല ഓഫിസുകൾക്കുമുള്ളത്. ആ ബിൽ തുക ലഭിക്കാൻ സ്മാർട്ട് മീറ്റർ സഹായിക്കുമോ? ഇപ്പോഴത്തെ ഇലക്ട്രോണിക് മീറ്ററിനേക്കാളും മറ്റെന്തെല്ലാം ഗുണങ്ങളാണ് സ്മാർട്ടിനുള്ളത്? ഈ മീറ്റർ എന്നു വരും? അതിന്റെ മറ്റു പ്രത്യേകതകൾ എന്തെല്ലാമാണ്?
ഫ്യൂസ് ഊരാതെ വൈദ്യുതി നിലയ്ക്കും
സാധാരണ മീറ്ററിൽനിന്നു വ്യത്യസ്തമായി തനിയെ വൈദ്യുതി ബന്ധം വിച്ഛേദിക്കാനുള്ള കഴിവ് സ്‌മാർട്ട് മീറ്ററിനുണ്ട്. കറന്റ് ചാർജ് അടച്ചില്ലെങ്കിൽ വൈദ്യുതി ബോർഡ് ജീവനക്കാർ സ്ഥലത്തെത്തി ഫ്യൂസ് ഊരുന്നതാണ് ഇപ്പോഴത്തെ രീതി.എന്നാൽ സ്‌മാർട്ട് മീറ്ററിൽ സ്വയം വൈദ്യുതി നിലയ്ക്കുന്ന സംവിധാനമാണ് ഉള്ളത്. അതിനാൽ ഫ്യൂസ് ഊരാൻ ആരും പോകേണ്ട കാര്യമില്ല.
പ്രീപെയ്ഡ് മീറ്ററുകൾ ആയതിനാൽ ഉപയോക്താവ് മുൻകൂട്ടി പണം അടച്ച് ചാർജ് ചെയ്യണം.മൊബൈൽ ചാർജ് ചെയ്യുന്നlg പോലെ ചെയ്യാം. ഓൺലൈനായോ വൈദ്യുതി ബോർഡിന്റെ ഓഫിസിലോ നിശ്ചിത തുക അടച്ചാൽ സ്‌മാർട്ട് മീറ്റർ ചാർജ് ആകും. ഇക്കാര്യം സന്ദേശത്തിലൂടെ ഉപയോക്താവിനെ അറിയിക്കും. പണം തീരാറാകുമ്പോഴും ഉപയോക്താവിന് മെസേജ് ലഭിക്കും.കറന്റ് നിലയ്ക്കും മുൻപ് വീണ്ടും ചാർജ് ചെയ്യണം. മൊബൈലിലെ പോലെ ബാലൻസ് തുക അറിയാനും ഉപയോക്താവിന് സൗകര്യം ഉണ്ടാകും.
പണം തീർന്നു വൈദ്യുതി നിലച്ചാലും പ്രശ്നമില്ല. വീണ്ടും ചാർജ് ചെയ്താൽ ഉടൻ വൈദ്യുതി ലഭിച്ചു തുടങ്ങും. ഓരോ ഉപയോക്താവും എത്ര മാത്രം വൈദ്യുതി ഉപയോഗിക്കുന്നുണ്ടെന്ന് സ്ഥലത്തു പോകാതെ തന്നെ ബോർഡ് ഉദ്യോഗസ്ഥർക്ക് ഓഫിസിൽ ഇരുന്നു കംപ്യൂട്ടറിലൂടെ അറിയാം. മീറ്റർ റീഡിങ് എടുക്കാം. ഒരാളിന്റെ വിവിധ സമയത്തെ വൈദ്യുതി ഉപഭോഗം വിലയിരുത്താം. അനുവദിച്ചതിനേക്കാൾ കൂടുതൽ വൈദ്യുതി എടുക്കുന്നുണ്ടോയെന്നും കൃത്രിമം നടക്കുന്നുണ്ടോയെന്നും അറിയാം. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥൻ ഓഫിസിൽ ഇല്ലെങ്കിൽ പോലും ഈ സംവിധാനത്തിൽ ഓൺലൈനായി കയറി ഇത്തരം കാര്യങ്ങൾ പരിശോധിക്കാം.
പല സമയത്തു പല നിരക്ക്
ഓരോ സമയത്തും ഉപയോഗിക്കുന്ന വൈദ്യുതിയുടെ തോത് കൃത്യമായി രേഖപ്പെടുത്താനുള്ള സംവിധാനം സ്‌മാർട്ട് മീറ്ററിൽ ഉണ്ട്. വൈദ്യുതി ഉപയോഗം കൂടുതലുള്ള സമയത്ത് വലിയ വില നൽകിയാണ് ബോർഡ് പുറത്തുനിന്നു വൈദ്യുതി വാങ്ങി വിതരണം ചെയ്യുന്നത്. ഉപയോഗം കുറവുള്ള സമയത്തു വിലയും കുറവാണ്. ഉപയോക്താവ് ഉപയോഗിക്കുന്ന സമയത്തിന് അനുസരിച്ചു വ്യത്യസ്ത നിരക്ക് ഈടാക്കാൻ തീരുമാനിച്ചാൽ അതിനുള്ള സൗകര്യം സ്‌മാർട്ട് മീറ്ററിൽ ഉണ്ട്. ഓരോ സമയത്തെ വിലയും ഉപയോക്താവിനെ അറിയിക്കാൻ സാധിക്കും. അങ്ങനെ വരുമ്പോൾ വില കുറഞ്ഞ സമയം നോക്കി ഉപയോഗം ക്രമീകരിക്കാം.
പ്രീപെയ്ഡ് സ്‌മാർട്ട് മീറ്റർ പൂർണമായും നടപ്പാക്കുമ്പോൾ രണ്ടു പ്രധാന കാര്യങ്ങൾ കൂടി സംഭവിക്കും. വൈദ്യുതി ബോർഡിലെ മീറ്റർ റീഡർ തസ്തിക ഇല്ലാതാകും. ഉപയോക്താക്കളിൽനിന്നു മൂന്നു മാസത്തെ വൈദ്യുതി നിരക്കിനു തുല്യമായ തുക ഡിപ്പോസിറ്റ് എന്ന പേരിൽ ബോർഡ് വാങ്ങുന്നത് അവസാനിപ്പിക്കേണ്ടി വരും. ഉപയോക്താവ് വൈദ്യുതി ചാർജ് അടച്ചില്ലെങ്കിലും ബോർഡിനു നഷ്ടം സംഭവിക്കാതിരിക്കാനാണ് ഇപ്പോൾ ഡിപ്പോസിറ്റ് വാങ്ങുന്നത്. രണ്ടു മാസം വൈദ്യുതി ഉപയോഗിച്ചതിനു ശേഷമാണ് ബിൽ നൽകുക. അത് അടയ്ക്കുമ്പോഴേക്കും രണ്ടര മാസം ആകും. ഈ സാഹചര്യത്തിലാണ് മൂന്നു മാസത്തെ ബിൽ തുകയ്ക്കു തുല്യമായ തുക ഡിപ്പോസിറ്റായി വാങ്ങുന്നത്.
വൈദ്യുതി നിരക്കും ഉപയോഗവും കൂടുന്നത് അനുസരിച്ച് അഡീഷനൽ ഡിപ്പോസിറ്റ് എന്ന പേരിൽ അധിക തുക ബോർഡ് പിരിച്ചെടുക്കാറുണ്ട്. എന്നാൽ മുൻകൂട്ടി പണം അടച്ച് വൈദ്യുതി വാങ്ങുമ്പോൾ ഇത്തരം ഡിപ്പോസിറ്റിനു പ്രസക്തി ഇല്ലാതാകും. അടയ്ക്കുന്ന തുകയ്ക്കുള്ള വൈദ്യുതി മാത്രമേ നമ്മൾ ഉപയോഗിക്കുന്നുള്ളൂ. ബോർഡിന് ബാധ്യത ഒന്നും വരില്ല. ഈ സാഹചര്യത്തിൽ നിലവിൽ വാങ്ങി വച്ചിരിക്കുന്ന ഡിപ്പോസിറ്റ് തുക ഉപയോക്താക്കൾക്കു തിരികെ നൽകാൻ വൈദ്യുതി ബോർഡ് നിർബന്ധിതമാകും.
സ്‌മാർട്ട് മീറ്റർ വെറും മീറ്റർ അല്ല
സ്‌മാർട്ട് മീറ്ററിൽ ഒരു കാർഡ് ഉണ്ടാകും. അതാണ് കേന്ദ്ര സംവിധാനവുമായി മീറ്ററിനെ ബന്ധിപ്പിക്കുന്നത്. മീറ്ററിൽനിന്നുള്ള വിവരങ്ങൾ കേന്ദ്രീകൃത സെർവറിൽ എത്തും. അതിൽ സംസ്ഥാനത്തെ മുഴുവൻ ഉപയോക്താക്കളുടെയും വിവരങ്ങൾ ഉണ്ടാകും. സ്‌മാർട്ട് മീറ്റർ സ്ഥാപിക്കുമ്പോൾ വൈദ്യുതി ബോർഡ് സ്വന്തം സെർവർ ഉപയോഗിക്കണമോ സ്വകാര്യ ഏജൻസികളുടെ സേവനം തേടണമോ എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. സ്വകാര്യ ഏജൻസികളുടെ സെർവർ ഉപയോഗിച്ചു പദ്ധതി നടപ്പാക്കാനാണ് കേന്ദ്ര നിർദേശം.
കുടിശിക തുക ലഭിക്കാതെ പല വൈദ്യുതി ബോർഡുകളും സാമ്പത്തിക പ്രതിസന്ധിയിൽ ആയ സാഹചര്യത്തിലാണ് സ്‌മാർട്ട് മീറ്റർ നടപ്പാക്കാൻ കേന്ദ്രം തീരുമാനിച്ചത്. ഇതു വരുന്നതോടെ പണം പിരിച്ചെടുക്കുന്നത് എളുപ്പമാകും. മുൻകൂട്ടി കാശ് അടയ്ക്കണം എന്നതിനാൽ കുടിശിക വരുന്ന പ്രശ്നം ഇല്ല.
സംസ്ഥാനത്തെ പല സർക്കാർ ഓഫിസുകളിലും സർക്കാർ ആശുപത്രികളിലും ജല അതോറിറ്റിയിലും കോടിക്കണക്കിനു രൂപയുടെ കറന്റ് ചാർജ് കുടിശികയുണ്ട്. സ്‌മാർട്ട് മീറ്റർ വരുമ്പോൾ അവരുടെ കറന്റ് ചാർജ് എങ്ങനെ അടയ്ക്കുമെന്ന കാര്യത്തിൽ വ്യക്തത ഇല്ല.
മീറ്റർ ഇനിയും സ്‌മാർട്ട് ആകും
സ്‌മാർട്ട് മീറ്ററിന്റെ സാങ്കേതിക വിദ്യ ഇപ്പോഴും പൂർണതയിൽ എത്തിയിട്ടില്ല. ഈ രംഗത്തു പരീക്ഷണങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. സാങ്കേതിക വിദ്യ കൂടുതൽ വികസിച്ചു കൊണ്ടിരിക്കുന്നു. പണ്ട് മെക്കാനിക്കൽ മീറ്റർ ഉപയോഗിച്ചിരുന്ന കാലത്താണ് ഇലക്ട്രോണിക് മീറ്ററുകൾ വന്നിരിക്കുന്നത്. അന്ന് ഇലക്ട്രോണിക് മീറ്ററുകൾക്ക് മെക്കാനിക്കൽ മീറ്ററിന്റെ പത്തിരട്ടി വില ആയിരുന്നു. എന്നാൽ 5 വർഷം കഴിഞ്ഞപ്പോൾ വില കാര്യമായി കുറഞ്ഞു. ഇതേ സാഹചര്യമാണ് ഇപ്പോഴും. സ്‌മാർട്ട് മീറ്ററിന് ഇപ്പോൾ ഇലക്ട്രോണിക് മീറ്ററിന്റെ പത്തിരട്ടി വില നൽകണം. പക്ഷേ ഏതാനും വർഷം കഴിയുമ്പോൾ വില കുറയുമെന്ന് ഉറപ്പാണ്. ആ ഘട്ടത്തിൽ കൂടുതൽ സാങ്കേതിക സംവിധാനങ്ങളും മീറ്ററിൽ ഉണ്ടാകും.
ഇന്ത്യയിൽ ആവശ്യത്തിനു സ്‌മാർട്ട് മീറ്റർ ലഭ്യമല്ല. അതുകൊണ്ടുതന്നെ വിലയും കൂടുതലാണ്. മുൻപ് ഇലക്ട്രോണിക് മീറ്റർ വന്നപ്പോൾ ചൈനയിൽനിന്നു ഘടകങ്ങൾ ഇറക്കുമതി ചെയ്ത് ഇവിടെ ഉൽപാദിപ്പിക്കുകയായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ആവശ്യത്തിനു സ്‌മാർട്ട് മീറ്റർ വാങ്ങി കേന്ദ്രം പറയുന്ന സമയത്തു പദ്ധതി പൂർത്തിയാക്കുക അസാധ്യമാണ്. എങ്കിലും ഇന്നല്ലെങ്കിൽ നാളെ നമ്മൾ പൂർണമായും സ്‌മാർട്ട് മീറ്ററിലേക്കു മാറാതെ നിവൃത്തിയില്ല. അതിനു കുറേ സമയം എടുക്കാം. എങ്കിലും അതോടെ വൈദ്യുതി മേഖല പൂർണമായും ഹൈടെക്ക് ആകും.
Post a Comment