Join News @ Iritty Whats App Group

മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും രാഷ്ട്രീയ കൂറുമാറ്റം; ഒവൈസിയുടെ പാർട്ടിയുടെ നാല് എംഎൽഎമാർ ആർജെഡിയിൽ ചേർന്നു

മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും രാഷ്ട്രീയ കൂറുമാറ്റം. അസദുദ്ദീൻ ഉവൈസിയുടെ ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീന്റെ (എഐഎംഐഎം) ബിഹാറിലെ അഞ്ച് എംഎൽഎമാരിൽ നാലു പേരും ആർജെഡിയിൽ ചേർന്നു. ആകെയുള്ള അഞ്ച് എംഎൽഎമാരിൽ നാല് പേരും ലാലുപ്രസാദ് യാദവിന്റെ പാർട്ടിയിൽ ചേർന്നതോടെ ഒവൈസിയുടെ പാർട്ടിക്ക് ബിഹാറിൽ അവേശേഷിക്കുന്നത് ഒരു എംഎൽഎ മാത്രമായി.

എഐഎംഐഎം എംഎൽഎമാരായ ഷാനവാസ്, ഇസ്ഹാർ, അഞ്ജർ നയനി, സയ്യിദ് റുകുനുദ്ദീൻ എന്നിവരാണ് പ്രതിപക്ഷ നേതാവും ആർജെഡി മേധാവിയുമായ തേജസ്വി യാദവിൽ നിന്ന് അംഗത്വം സ്വീകരിച്ചത്. എഐഎംഐഎമ്മിൽ ഇനി അവശേഷിക്കുന്ന ഒരു എംഎൽഎ അക്തറുൽ ഇമാം പാർട്ടി സംസ്ഥാന അധ്യക്ഷനാണ്. ഇതോടെ ബിഹാർ നിയമസഭയിൽ ബിജെപിയെ മറികടന്ന് ആർജെഡി ഏറ്റവും വലിയ ഒറ്റ കക്ഷിയായിമാറി.

പുതുതായി ചേർന്ന നാല് എംഎൽഎമാർ അടക്കം ആർജെഡിക്ക് 80 അംഗങ്ങളായി. 77 എംഎൽഎമാരാണ് ബിജെപിക്കുള്ളത്. ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി സഖ്യം ഭരണത്തിലേറാതെ പോയതിന് പ്രധാന കാരണം എഐഎംഐഎം നേടിയ അഞ്ച് സീറ്റുകളായിരുന്നു. 20 മണ്ഡലങ്ങളില്‍ നിര്‍ണായകമായ ആര്‍ജെഡി വോട്ടുകള്‍ വിഘടിക്കുന്നതിന് എഐഎംഐഎം സാന്നിധ്യം കാരണമായി.

243 അംഗ നിയമസഭയില്‍ 125 സീറ്റാണ് എന്‍ഡിഎയ്ക്കുള്ളത്. പുതുതായി വന്ന നാല് എംഎല്‍എമാര്‍ അടക്കം 114 അംഗങ്ങളാണ് ആര്‍ജെഡി സഖ്യത്തിനുള്ളത്. മഹാരാഷ്ട്രയിൽ രാഷ്ട്രിയ കൂറുമാറ്റത്തെ തുടർന്ന് വൻ പ്രതിസന്ധിയാണ് നേരിടുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group