Join News @ Iritty Whats App Group

അഭയകേസിലെ പ്രതികളുടെ ശിക്ഷ മരവിപ്പിച്ച് ഹൈ​ക്കോടതി, സിസ്റ്റർ സെഫിക്കും ഫാദർ കോട്ടൂരിനും ജാമ്യം

എറണാകുളം: അഭയകേസിലെ പ്രതികളുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി. പ്രധാന പ്രതികളായ സിസ്റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവര്‍ക്ക് ജാമ്യവും അനുവദിച്ചിട്ടുണ്ട്. അഭയ കേസിലെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.

കോടതിക്ക് വസ്തുതകൾ വിലയിരുത്തുന്നതിൽ പിഴവുണ്ടായെന്ന് ചൂണ്ടിക്കാട്ടി ഒന്നും മൂന്നും പ്രതികളായ സിസ്റ്റര്‍ സെഫിയും ഫാ. തോമസ് കോട്ടൂരും നൽകിയ ഹര്‍ജികളിലാണ് ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ അധ്യക്ഷതയിലുയിലുള്ള ഡിവിഷന്‍ ബെഞ്ച് വിധി പറഞ്ഞത്. നേരത്തെ കേസില്‍ പ്രതിയായിരുന്ന ജോസ് പിതൃക്കയിലിനെ തെളിവുകളുടെ അഭാവത്തിലാണ് കുറ്റ വിമുക്തനാക്കിയത്. അദ്ദേഹത്തിനു ലഭിച്ച സ്വാഭാവിക നീതിക്ക് തങ്ങളും അർഹരാണെന്നാണ് പ്രതികൾ വാദിച്ചത്. തിരുവനന്തപുരം സിബിഐ കോടതിയുടെ ശിക്ഷാ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഈ അപ്പീലില്‍ വിധി വരുന്നതുവരെ ശിക്ഷ മരവിച്ചിക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം.

കോട്ടയം പയസ് ടെൻത് കോൺവെന്റ് അന്തേവാസിയായിരുന്ന സിസ്റ്റർ അഭയയെ 1992 ലാണ് മഠത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം സി.ബി.ഐ കോടതി 2020 ഡിസംബർ 23നാണ് കേസില്‍ ഫാ. കോട്ടൂരിന് ഇരട്ട ജീവപപര്യന്തവും സിസ്റ്റർ സെഫിക്ക് ജീവപര്യന്തവും ശിക്ഷയും വിധിച്ചത്.ശിക്ഷ പ്രഖ്യാപിച്ചതു മുതൽ ഇരുവരും ജയിലിലാണ്. തെളിവില്ലാതെയാണ് ശിക്ഷ വിധിച്ചതെന്നും അതിനാൽ ശിക്ഷ മരവിപ്പിക്കണമെന്നുമായിരുന്നു ആവശ്യം. അത് പരിഗണിച്ചാണ് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചത്. 5 ലക്ഷം രൂപ കെട്ടി വയ്ക്കണം, സംസ്ഥാനം വിടരുത്, മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് തുടങ്ങിയ കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group