Join News @ Iritty Whats App Group

മുഖ്യമന്ത്രി നടത്തിയത് മന്‍ കീ ബാത്ത്;'കടക്ക് പുറത്ത്' മറന്നുപോയോ? എണ്ണിയെണ്ണി പറഞ്ഞ് പ്രതിപക്ഷനേതാവ്, മുഖ്യമന്ത്രി കൂപമണ്ഡൂകം എന്നും സതീശൻ




മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഇന്നലെവരെയുള്ള കാര്യങ്ങള്‍ മറന്നാണ് മുഖ്യമന്ത്രിയുടെ സംസാരമെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. മുഖ്യമന്ത്രിക്ക് മറവിരോഗമാണ്. മുന്‍കാല ചെയ്തികള്‍ മറന്നതുപോലെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. ഇപ്പോള്‍ നല്ല പിള്ള ചമഞ്ഞ് വര്‍ത്തമാനം പറയുകയാണ്. മാധ്യമങ്ങളോട് കടക്ക് പുറത്തെന്ന് പറഞ്ഞത് പിണറായിയാണെന്നും സതീശന്‍ ഓര്‍മ്മിപ്പിച്ചു.

മുഖ്യമന്ത്രി നടത്തിയത് മന്‍ കീ ബാത്ത്. എല്‍ഡിഎഫ് സഭയില്‍ ചെയ്‍തത് പോലെ ഹീനമായ കാര്യം യുഡിഎഫ് ചെയ്തിട്ടില്ല. ഓരോ അതിക്രമവും ചെയ്തിട്ട് തള്ളിപ്പറയുന്നത് സിപിഎമ്മിന്‍റെ പതിവ് രീതിയാണ്. മുമ്പ് ടിപിയെ വധിച്ചത് തള്ളിപ്പറഞ്ഞില്ലേ?. ഗാന്ധി ചിത്രം തല്ലിതകര്‍ത്തത് കോണ്‍ഗ്രസുകാരാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് നിയമവിരുദ്ധമാണ്. അന്വേഷണം നടക്കുന്ന കേസില്‍ ആഭ്യന്തരവകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി നിലപാട് പറയാമോ? ഇനി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിഷ്പക്ഷമായി അന്വേഷിക്കാന്‍ കഴിയുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ഗുജറാത്ത് കലാപക്കേസില്‍ കോണ്‍ഗ്രസ് കൃത്യമായ നിലപാടെടുത്തെന്നും സതീശന്‍ പറഞ്ഞു. എംപിയുടെ വിധവയായ ഭാര്യയെ സോണിയ ഗാന്ധി കണ്ടു. ഇക്കാര്യം അവരുടെ മകന്‍ തന്നെ പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് ടീസ്താസെതല്‍വാദ് അടക്കമുള്ളവര്‍ക്കൊപ്പമാണ്. കേന്ദ്രനേതൃത്വം നിലപാട് പറഞ്ഞിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഇടറുന്നത് എന്തുകൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. കേന്ദ്ര ഏജന്‍സികളെ കുറിച്ച് കേന്ദ്രത്തിലും കേരളത്തിലും ഞങ്ങള്‍ക്ക് ഒരേ നിലപാടാണെന്നും സതീശന്‍ പറഞ്ഞു. 

സ്വര്‍ണ്ണക്കടത്തില്‍ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. മടിയില്‍ കനമില്ലെന്ന് ബോര്‍ഡ് എഴുതി കാണിച്ചിട്ടും കാര്യമില്ലെന്നായിരുന്നു പരിഹാസം.

Post a Comment

Previous Post Next Post
Join Our Whats App Group