Join News @ Iritty Whats App Group

ട്രെയിനില്‍ പെണ്‍കുട്ടിയ്ക്ക് നേരെയുണ്ടായ അതിക്രമം; പ്രതികളെല്ലാം 50-ന് മുകളില്‍ പ്രായമുള്ളവര്‍

തൃശൂര്‍: അച്ഛനൊപ്പം ട്രെയിനില്‍ യാത്ര ചെയ്ത പെണ്‍കുട്ടിയ്ക്ക് നേരെ അതിക്രമം നടത്തിയത് 50 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍. എറണാകുളം-ഗുരുവായൂര്‍ സ്പെഷ്യല്‍ എക്സ്പ്രസ് തീവണ്ടിയില്‍ യാത്ര ചെയ്ത 16കാരിക്കാണ് ദുരനുഭവം ഉണ്ടായത്. അഞ്ചുപേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നതെന്നാണ് പെണ്‍കുട്ടിയുടെയും പിതാവിന്റെയും മൊഴി.
ട്രെയിന്‍ എറണാകുളം നോര്‍ത്ത് സ്റ്റേഷന്‍ പിന്നിട്ടതോടെ അഞ്ചംഗസംഘം പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും അശ്ലീലം പറയുകയുമായിരുന്നു. രാത്രിയായതിനാല്‍ ട്രെയിന്‍ യാത്രക്കാരും കുറവായിരുന്നു. ഉണ്ടായിരുന്ന മറ്റുള്ളവരാരും വിഷയത്തില്‍ ഇടപെട്ടതുമില്ല. ഉപദ്രവത്തിനെതിരേ പ്രതികരിച്ച മലപ്പുറം സ്വദേശിയായ യുവാവിനെ അഞ്ചംഗ സംഘം മര്‍ദ്ദിക്കുകയും ചെയ്തു.

പെണ്‍കുട്ടിയുടെ പിതാവ് എതിര്‍ത്തപ്പോള്‍ ഇവര്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഇടപ്പള്ളി സ്റ്റേഷനില്‍വെച്ച് പിതാവ് തീവണ്ടിയിലെ ഗാര്‍ഡിനെ വിവരമറിയിച്ചു. സംഭവം പൊലീസില്‍ അറിയിക്കാമെന്നായിരുന്നു ഗാര്‍ഡിന്റെ മറുപടി. എന്നാല്‍ ട്രെയിന്‍ ആലുവ സ്റ്റേഷനിലെത്തിയിട്ടും പൊലീസുകാര്‍ വന്നില്ല.

ഇരിങ്ങാലക്കുട വരെയുള്ള വിവിധ സ്റ്റേഷനുകളിലായി സംഘത്തിലെ അഞ്ചുപേരും ഇറങ്ങിപ്പോയിരുന്നു. തീവണ്ടി പിന്നീട് തൃശ്ശൂരില്‍ എത്തിയപ്പോളാണ് അച്ഛനും മകളും റെയില്‍വേ പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പ്രതികളായ അഞ്ചുപേര്‍ക്കെതിരേയും പോക്സോ നിയമപ്രകാരമാണ് റെയില്‍വേ പോലീസ് കേസെടുത്തിരിക്കുന്നത്.

പ്രതികളെല്ലാം തീവണ്ടിയില്‍ പതിവായി യാത്ര ചെയ്യുന്ന സീസണ്‍ ടിക്കറ്റുകാരാകുമെന്നാണ് പൊലീസിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ സീസണ്‍ ടിക്കറ്റുകാരുടെ വിവരങ്ങളും വിവിധ സ്റ്റേഷനുകളിലെ സിസിടിവി ക്യാമറ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചുവരികയാണ്. വൈകാതെ തന്നെ മുഴുവന്‍ പ്രതികളും പിടിയിലാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.

Post a Comment

Previous Post Next Post
Join Our Whats App Group