സ്കൂൾ അധ്യയന വർഷാരംഭത്തിനു മുന്നോടിയായി സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധന ആരംഭിച്ചു.സ്കൂൾ ബസിലെ വിദ്യാർഥികളുടെ ഡ്രൈവർ അങ്കിൾ ഇനി പുതിയ യൂണിഫോമിൽ എത്തും.
വെള്ള ഷർട്ടും കറുത്ത പാന്റുമാണ് ഡ്രൈവർമാർക്ക് യൂണിഫോമായി മോട്ടോർ വാഹന വകുപ്പ് നിശ്ചയിച്ചിരിക്കുന്നത്. യൂണിഫോമിനൊപ്പം ഐഡന്റിറ്റി കാർഡും നിർബന്ധമായും ധരിച്ചിരിക്കണം.
നേരത്തെ അതാതു സ്കൂളുകൾ നിശ്ചയിക്കുന്ന യൂണിഫോമായിരുന്നു. കുട്ടികളെ വാഹനത്തിൽ കയറ്റുന്നതിനും ഇറക്കുന്നതിനും സഹായിക്കുന്നതിനായി ആയമാരേയും നിർബന്ധമാക്കിയിട്ടുണ്ട്.
ചൈൽഡ് ലൈൻ, പോലീസ്, ആംബുലൻസ്, ഫയർസ്റ്റേഷൻ എന്നി എമർജൻസി നന്പരുകളും പ്രദർശിപ്പിക്കണം.
മോട്ടോർ വാഹനവകുപ്പിന്റെ ആഭിമുഖ്യത്തിൽ വിവിധ താലൂക്ക് കേന്ദ്രങ്ങളിൽ ഇന്നലെ രാവിലെ മുതലായിരുന്നു പരിശോധന.
കോട്ടയം താലൂക്കിലെ വാഹനങ്ങളുടെ പരിശോധ അമ്മഞ്ചേരി-കാരിത്താസ് റോഡിൽ റെയിൽവേ ഗേറ്റിനുസമീപം കോട്ടയം ജോയിന്റ് ആർടിഒ ഡി. ജയരാജിന്റെ നേതൃത്വത്തിൽ നടന്നു.
ജിപിഎസ്, സ്പീഡ് ഗവർണർ, പെർമിറ്റ് വ്യവസ്ഥകൾ, സിഗ്നലുകൾ തുടങ്ങിയവയാണ് പ്രധാനമായും പരിശോധിച്ചത്.
പരിശോധനയ്ക്കുശേഷം ഫിറ്റ്നസ് ലഭിച്ച വാഹനങ്ങളുടെ മുന്പിൽ മോട്ടോർ വാഹനവകുപ്പിന്റെ ഫിറ്റ്നസ് സ്റ്റിക്കറും പതിപ്പിച്ചു.
ആകെ 127 വാഹനങ്ങളാണു പരിശോധനയ്ക്കെത്തിയത്. സ്പീഡ് ഗവർണർ, ജിപിഎസ് എന്നിവ ഘടിപ്പിക്കാതെ വന്നതിനാൽ 13 വാഹനങ്ങൾ മടക്കി അയച്ചു.
ഇവ ഘടിപ്പിച്ചെത്തിയാൽ അടുത്ത ദിവസം ഇവയ്ക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകും. പരിശോധനയെത്തുടർന്ന് ജോയിന്റ് ആർടിഒയുടെ നേതൃത്വത്തിൽ ഡ്രൈവർമാർക്ക് ക്ലാസുണ്ടായിരുന്നു.
എംവിഐ പി.എൻ. നോബി, എഎംവിഐ ബി. അശോക് കുമാർ, ബിബിൻ രവീന്ദ്രൻ, ജി.എസ്. ഷൈൻ, ആർ. വിനോദ് എന്നിവർ പരിശോധയ്ക്കു നേതൃത്വം നൽകി.
Post a Comment