എംപിമാരുടെ പെൻഷൻ നിശ്ചയിക്കാനുള്ള പാർലമെൻറ് സംയുക്ത സമിതിയാണ് ചട്ടങ്ങൾ കർശനമാക്കാനുള്ള ശുപാർശ നൽകിയത്. പുതിയ വിജ്ഞാപനം അനുസരിച്ച് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഏതെങ്കിലും പദവിയിലിരുന്ന് ഇനി മുതല്‍ മുന്‍ എംപിമാർക്ക് പെന്‍ഷന്‍ കൈപ്പറ്റാനാകില്ല. മറ്റ് പൊതു പദവികൾ വഹിക്കുന്നില്ലെന്നും പ്രതിഫലം കൈപ്പറ്റുന്നില്ലെന്നും പെന്‍ഷന് അപേക്ഷിക്കുമ്പോൾ മുന്‍ എംപിമാർ സത്യവാങ്മൂലം എഴുതി നല്‍കണം. പൊതുമേഖലാ, തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ പ്രവർത്തിക്കുന്നവർക്കും ഇത് ബാധകമാണ്. രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും ഗവർണർമാർക്കും പുതിയ നിയമം ബാധകമാകും.
നിലവിൽ സംസ്ഥാന സർക്കാരുകളിൽ മന്ത്രിമാരായിരിക്കുന്ന മുൻ എംപിമാർക്ക് വരെ പെൻഷൻ കിട്ടുന്നുണ്ട്. എംഎൽഎ, എംപി പെൻഷനുകൾ ഒന്നിച്ച് വാങ്ങുന്നതിനും പുതിയ നിർദ്ദേശം തടയിടും. സർക്കാർ ഉദ്യോഗസ്ഥരായിരുന്ന ശേഷം എംപിമാരായവർക്കും ഇനി ഒരു പെൻഷനേ അർഹതയുണ്ടാവൂ. നിലവില്‍ ഒരു മുന്‍ എംപിക്ക് ആദ്യ ടേമിന് 25,000 രൂപയും പിന്നീടുള്ള ഓരോ വർഷവും 2,000 രൂപ വീതവുമാണ് പെന്‍ഷന്‍ ലഭിക്കുക.
പഞ്ചാബില്‍ ആം ആദ്‍മി പാർട്ടി സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ എംഎല്‍എമാർ ഒന്നിലധികം പെന്‍ഷന്‍ വാങ്ങുന്നത് തടയാൻ ഓർഡിനൻസ് ഇറക്കിയിരുന്നു. രാഷ്ട്രീയ നേട്ടമായി എഎപി ഇത് ഉയർത്തിക്കാട്ടുമ്പോഴാണ് കേന്ദ്രവും ഈ വഴിക്ക് നീങ്ങുന്നത്.
Post a Comment