അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി രംഗത്ത്. ഈ പെണ്‍കുട്ടിക്ക് നീതി കിട്ടാതെ 99നെ 100 ആക്കിയിട്ട് എന്ത് കാര്യമെന്ന്, ഹരീഷ് ചോദിച്ചു. അവള്‍ക്കൊപ്പം എന്ന പറഞ്ഞവര്‍ക്ക് മിണ്ടാട്ടമില്ലെന്നും അവര്‍ അവനൊപ്പം എന്ന് പറയാനുള്ള തയ്യാറെടുപ്പിലാണെന്നും ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.
ഹരീഷ് പേരടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
അവള്‍ക്കൊപ്പം എന്ന പറഞ്ഞവര്‍ക്ക് മിണ്ടാട്ടമില്ല…അവര്‍ അവനൊപ്പം എന്ന് പറയാനുള്ള തയ്യാറെടുപ്പിലാണ്…പിള്ള ഭരിക്കും കേരളം ….രാഷ്ട്രിയ വ്യഭിചാരം..പണത്തിനുമുകളില്‍ ഒരു ഇടതു ചിറകും പറക്കില്ല എന്ന് അടിവരയിടുന്നു…അതിജീവിതയുടെ ഹൈക്കോടതിയിലെ അലര്‍ച്ച..പെണ്‍മക്കളുള്ള എല്ലാ കുടുംബങ്ങളുടെയും ഉറക്കം കെടുത്തുന്നു..ഈ പെണ്‍കുട്ടിക്ക് നീതി കിട്ടാതെ 99നെ 100 ആക്കിയിട്ട് എന്ത് കാര്യം..അവള്‍ക്കൊപ്പം നില്‍ക്കാന്‍ പറ്റിയിട്ടില്ലെങ്കില്‍ ജനങ്ങളുടെ മനസ്സില്‍ നിങ്ങള്‍ വെറും 69 മാത്രമാകും…ജാഗ്രതൈ…
നടിയെ ആക്രമിച്ച സംഭവത്തില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് നടി ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നു. നീതി ഉറപ്പാക്കാന്‍ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിന്റെ അഭിഭാഷകര്‍ ശ്രമിച്ചതിന് തെളിവുകള്‍ പുറത്തുവന്നിട്ടും അവരെ ഒഴിവാക്കി കേസ് അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നു എന്ന തരത്തില്‍ റിപ്പോപ്പാര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അഭിഭാഷകന്റെ രാഷ്ട്രീയ ബന്ധമാണ് അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കിയതിന് കാരണം. നീതിക്കായി കോടതിയെ സമീപിക്കുകയല്ലാതെ മറ്റ് തനിക്ക് മറ്റുമാര്‍ഗമില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചു. ദിലീപിന്റെ സുഹൃത്തായ ശരത്തിനെ പതിനഞ്ചാം പ്രതിയാക്കിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ ദിലീപ് എട്ടാം പ്രതിയായി തുടരും. കേസില്‍ ശരത്ത് മാത്രമാണ് പുതിയ പ്രതി. അന്തിമ കുറ്റപത്രം അടുത്ത തിങ്കളാഴ്ച സമര്‍പ്പിക്കും.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ശരത്തിന്റെ കൈവശം ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ക്രൈംബ്രാഞ്ച് തയാറാക്കുന്ന അധിക കുറ്റപത്രത്തിലാണ് പ്രതിപ്പട്ടിക പുതുക്കി നല്‍കിയിരിക്കുന്നത്. തെളിവ് നശിപ്പിക്കല്‍, തെളിവ് ഒളിപ്പിക്കല്‍ എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ശരത്തിന് മേല്‍ ചുമത്തിയിട്ടുള്ളത്. ശരത്ത് ഉള്‍പ്പെടെ ഇതുവരെ15 പേരെയാണ് പ്രതിയാക്കിയിട്ടുള്ളത്. രണ്ട് പേരെ ഹൈക്കോടതി നേരത്തെ വെറുതെവിട്ടിരുന്നു. മൂന്നു പ്രതികളെ മാപ്പുസാക്ഷികളാക്കി.
Post a Comment