Join News @ Iritty Whats App Group

ഫൈനല്‍ തേടി ടൈറ്റന്‍സും റോയല്‍സും; ടോസ് വീണു; ഗുജറാത്ത് നിരയില്‍ മാറ്റം

ഐപിഎല്ലിലെ പ്ലേഓഫ് ഘട്ടത്തില്‍ ആദ്യ പോരാട്ടമായ ക്വാളിഫയര്‍ ഒന്നില്‍ രാജസ്ഥാന്‍ റോയല്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിര്‍ണായക മത്സരത്തില്‍ പ്ലെയിങ് ഇലവനില്‍ മാറ്റം വരുത്താതെ രാജസ്ഥാന്‍ ഇറങ്ങുമ്പോള്‍ ഗുജറാത്ത് ഇന്ന് ഒരു മാറ്റം വരുത്തിയിട്ടുണ്ട്. ലോക്കി ഫെര്‍ഗൂസണ് പകരം അല്‍സാരി ജോസഫ് ടീമിലേക്ക് എത്തുന്നു.
അരങ്ങേറ്റ സീസണില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ഗുജറാത്തും പ്രതീക്ഷ നല്‍കുന്ന പ്രകടനങ്ങളുമായി മിന്നിയ രാജസ്ഥാനും തമ്മില്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ആവേശപ്പോരാട്ടത്തിനായി ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

പോയിന്റ് പട്ടികിയില്‍ ഒന്നാംസ്ഥാനക്കാരായിട്ടാണ് ഗുജറാത്ത് പ്ലേഓഫിലേക്കു കുതിച്ചത്. ലീഗ് ഘട്ടത്തിലെ 14 മല്‍സരങ്ങളില്‍ 10ലും ജിടി വിജയിച്ചിരുന്നു. 20 പോയിന്റോടെയാണ് ടൈറ്റന്‍സ് ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തത്. സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സാവട്ടെ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനക്കാരായി പ്ലേഓഫിലേക്കു മുന്നേറുകയായിരുന്നു. 14 മല്‍സരങ്ങളില്‍ ഒമ്പതു ജയമാണ് റോയല്‍സിന്റെ അക്കൗണ്ടിലുള്ളത്. 18 പോയിന്റ് അവര്‍ക്കു ലഭിക്കുകയും ചെയ്തു.

ഇന്ന് ഇരുടീമുകളും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ തമ്മിലുള്ള മത്സര കണക്കില്‍ മുന്‍തൂക്കം ഗുജറാത്തിനാണ്. സീസണില്‍ ആദ്യം ഇരുവരും നേര്‍ക്കുനേര്‍ വന്ന മത്സരത്തില്‍ ജയം ഗുജറാത്തിനൊപ്പമായിരുന്നു. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെയും (87), ഡേവിഡ് മില്ലറുടെയും (14 പന്തില്‍ 31) തകര്‍പ്പന്‍ പ്രകടങ്ങളുടെ ബലത്തില്‍ 192 റണ്‍സ് പടുത്തുയര്‍ത്തിയ ഗുജറാത്തിനെതിരെ മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന്‍ 155 ല്‍ ഒതുങ്ങുകയായിരുന്നു. 37 റണ്‍സിന്റെ ജയമാണ് ഗുജറാത്ത് അന്ന് സ്വന്തമാക്കിയത്. ഇതേ ആധിപത്യം തുടരാനാകും ഗുജറാത്ത് ലക്ഷ്യമിടുന്നതെങ്കില്‍ തോല്‍വിക്ക് കണക്ക് വീട്ടാനാകും രാജസ്ഥാന്റെ ലക്ഷ്യം.

അരങ്ങേറ്റ സീസണില്‍ തന്നെ ഗുജറാത്ത് കിരീടം സ്വപ്നം കാണുമ്പോള്‍ ഐപിഎല്‍ പ്രഥമ സീസണിലെ കിരീടനേട്ടം ആവര്‍ത്തിക്കാനാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. സന്തുലിതമായ ഒരു നിരയാണ് ഇരുടീമുകള്‍ക്കുമുള്ളത്.


Post a Comment

Previous Post Next Post
Join Our Whats App Group