സംസ്ഥാനത്ത് മേയ് 25, 26, 27 തീയതികളില്‍ കുട്ടികള്‍ക്കുള്ള പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്‌കൂള്‍ തുറക്കുന്ന സാഹചര്യം കൂടി മുന്നില്‍ കണ്ട് പരമാവധി കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം. സ്‌കൂളുകളുമായും റസിഡന്‍സ് അസോസിയേഷനുകളുമായും സന്നദ്ധ പ്രവര്‍ത്തകരുമായും സഹകരിച്ചാണ് കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ യജ്ഞം സംഘടിപ്പിക്കുന്നത്. പ്രധാന ആശുപത്രികളില്‍ ഈ ദിവസങ്ങളില്‍ വാക്‌സിനേഷന്‍ ഉണ്ടായിരിക്കുന്നതാണ്. കോവിന്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്‌തോ നേരിട്ട് വാക്‌സിനേഷന്‍ സെന്ററിലെത്തി രജിസ്റ്റര്‍ ചെയ്‌തോ വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്. സ്‌കൂള്‍ ഐഡി കാര്‍ഡോ, ആധാറോ കൊണ്ട് വരേണ്ടതാണ്. ഈ പ്രായത്തിലുള്ള എല്ലാ കുട്ടികള്‍ക്കും വാക്‌സിനെടുത്തെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗത്തിലാണ് മന്ത്രി ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.
15 മുതല്‍ 17 വരെ പ്രായമുള്ള 81 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 52 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 12 മുതല്‍ 14 വരെ പ്രായമുള്ള 40 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 11 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.കോവിഡ് കേസുകള്‍ വര്‍ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. കോവിഡ് കേസുകളില്‍ ജിനോമിക് പരിശോധനകള്‍ നടത്തുന്നതാണ്. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. ഡ്രൈ ഡേ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്തണം. ഫീല്‍ഡ് പ്രവര്‍ത്തകരും ഡിവിസി യൂണിറ്റുകളും കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലകള്‍ കൃത്യമായി അവലോകനം നടത്തണം. വാനര വസൂരിയ്‌ക്കെതിരെ (മങ്കി പോക്‌സ്) ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളും യോഗം ചര്‍ച്ച ചെയ്തു.
Post a Comment