ന്യൂഡല്‍ഹി: ആധാറിന്റെ പകര്‍പ്പ് ഒരു സ്ഥാപനത്തിനോ, വ്യക്തിക്കോ കൈമാറരുതെന്ന കർശന നിർദേശവുമായി കേന്ദ്ര സർക്കാർ. ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ മാര്‍ഗനിര്‍ദേശങ്ങളും സർക്കാർ പുറത്തിറക്കി. അടിയന്തര ഘട്ടത്തില്‍ ആധാര്‍ നമ്പരിന്‍റെ അവസാന നാലക്കം മാത്രം വെളിപ്പെടുത്തുന്ന 'മാസ്‌ക്ഡ്' പകര്‍പ്പ് മാത്രം കൈമാറാനും കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
അടുത്തകാലത്തായി ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്ന സംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കർശന നിർദേശവുമായി സർക്കാർ രംഗത്തെത്തിയത്. ഉപഭോക്താക്കളുടെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് വാങ്ങിവെയ്ക്കാന്‍ അംഗീകൃത സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് അനുവാദം നൽകിയിട്ടുള്ളത്. യുഐഡിഎഐയുടെ ലൈസന്‍സ് ലഭിച്ച സ്ഥാപനങ്ങള്‍ക്ക് മാത്രമേ തിരിച്ചറിയലിന്റെ ഭാഗമായി ആധാറിന്റെ പകര്‍പ്പ് വാങ്ങിവെയ്ക്കാന്‍ അനുമതിയുള്ളൂ. അല്ലാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, സിനിമാ തിയറ്ററുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഇതിനുള്ള അനുമതിയില്ലെന്നും കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ കൈമാറുന്നതിന് മുന്‍പ് അംഗീകൃത സ്ഥാപനമാണോ എന്ന് ഉറപ്പുവരുത്തണമെന്നും പൊതുജനങ്ങളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെടുന്നു. ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇന്റര്‍നെറ്റ് കഫേകളെ ആശ്രയിക്കരുത്. അഥവ ഇന്റര്‍നെറ്റ് കഫേകളിൽ പോയി ഇ- ആധാറിന്റെ ഡൗണ്‍ലൗഡ് ചെയ്ത പകര്‍പ്പ് പ്രിന്‍റ് എടുത്ത ശേഷം ഫയൽ ഡീലിറ്റ് ചെയ്തു എന്ന് ഉറപ്പുവരുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.
Post a Comment