സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കണ്ണൂര്‍ സര്‍വകലാശാല ആവശ്യപ്പെട്ട അധ്യാപക തസ്തികകള്‍ പൂര്‍ണമായി അനുവദിക്കാന്‍ തയ്യാറാവാതെ സര്‍ക്കാര്‍.
94 തസ്തികകള്‍ അടിയന്തരമായി അനുവദിക്കണമെന്നായിരുന്നു സര്‍വകലാശാലയുടെ ആവശ്യം. ഇത് വെട്ടിക്കുറച്ച് സര്‍ക്കാര്‍ 36 ആക്കി.ധനവകുപ്പ് നിര്‍ദേശ പ്രകാരമാണ് തസ്തികകളുടെ എണ്ണം കുറച്ചതെന്ന് വ്യക്തമാക്കുന്ന കാബിനറ്റ് നോട്ട് മീഡിയവണിന് ലഭിച്ചു. നാക് അക്രഡിറ്റേഷനില്‍ ബി ഗ്രേഡ് മാത്രമാണ് കണ്ണൂര്‍ സര്‍വകലാശാലയ്ക്കുള്ളത്. ഇതിന് കാരണം അധ്യാപകരുടെ അഭാവമാണെന്നായിരുന്നു കണ്ണൂര്‍ സര്‍വകലാശാല വിസി സര്‍ക്കാരിനെ അറിയിച്ചത്.
അതിനാല്‍ 94 അധ്യാപക തസ്തികള്‍ അടിയന്തരമായി അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസ അഡീഷണല്‍ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിന്‍റെ അടിസ്ഥാനത്തില്‍ എണ്ണം 72 ആക്കി ആദ്യം തന്നെ വെട്ടി . തുടര്‍ന്ന് അഞ്ച് അസോസിയേറ്റ് പ്രൊഫസര്‍മാരേയും 31 അസിസ്റ്റന്‍റ് പ്രൊഫസര്‍മാരേയും നിയമിക്കുന്നതിനുള്ള ശുപാര്‍ശ സര്‍വകലാശാല പുതുക്കി സമര്‍പ്പിച്ചു. ഇതിന് ധനകാര്യ വകുപ്പ് പച്ചക്കൊടി കാട്ടിയതോടെ കാബിനറ്റ് അംഗീകരം നല്‍കുകയും ചെയ്തു. നാകിന്‍റെ ഉയര്‍ന്ന ഗ്രേഡിങ് നേടിയെടുക്കാനുള്ള സര്‍വകലാശാലയുടെ ശ്രമത്തിന് മതിയായ അധ്യാപക തസ്തികയില്ലാത്തത് വീണ്ടും തിരിച്ചടിയായേക്കും.
Post a Comment