കൊട്ടിയൂര്‍ വൈശാഖോത്സവത്തിലെ നാല് ആരാധനകളില്‍ ആദ്യത്തേതായ തിരുവോണം ആരാധന ശനിയാഴ്ച നടന്നു . കോട്ടയം കോവിലകത്തുനിന്നെത്തിക്കുന്ന അഭിഷേകസാധനങ്ങളും കരോത്ത് നായര്‍ തറവാട്ടില്‍നിന്ന് എഴുന്നള്ളിച്ച് കൊണ്ടുവരുന്ന പഞ്ചഗവ്യവും ബാവലി പുഴക്കരയില്‍ തേടന്‍ വാര്യര്‍ കുത്തുവിളക്കോടെ സ്വീകരിച്ച് അക്കരെ കൊട്ടിയൂരില്‍ എത്തിച്ചു.
ഉഷപൂജയ്ക്ക് ശേഷമാണ് ആരാധനാപൂജ നടന്നത്. തുടര്‍ന്ന് നിവേദ്യ പൂജകഴിഞ്ഞ് ശീവേലിക്ക് സമയമറിയിച്ച് ശീവേലിക്ക് വിളിച്ചതോടെ എഴുന്നള്ളത്തിന് തുടക്കമായി. വിശേഷവാദ്യങ്ങളോടെ സ്വര്‍ണ്ണം , വെള്ളി പാത്രങ്ങള്‍ എഴുന്നള്ളിച്ചു നടന്ന പൊന്നിന്‍ ശീവേലി ദര്‍ശിക്കാന്‍ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. പനയോലകളും മറ്റും ഉപയോഗിച്ച് മണിത്തറക്ക് മുകളില്‍ കെട്ടിയുണ്ടാക്കുന്ന താത്കാലിക ശ്രീകോവിലിന്റെ നിര്‍മ്മാണം ഉച്ചയോടെ പൂര്‍ത്തിയായി.ശനിയാഴ്ച രാത്രിയോടെ ഉത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ ഇളനീര്‍വെപ്പ് നടന്നു. കണ്ണൂര്‍ , കോഴിക്കോട് ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ നിന്നും വ്രതം നോറ്റ് ഇളനീര്‍ കാവുമായി ആയിരക്കണക്കിന് ഭക്തരാണ് കാല്‍നടയായി കൊട്ടിയൂരില്‍ എത്തിച്ചേര്‍ന്നത്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ജന്മാവകാശികളായ തണ്ടയാന്മാര്‍ക്കാണ് ഇളനീര്‍ വെപ്പിനുള്ള അവകാശം.
കൂത്തുപറമ്ബിനടുത്തുള്ള വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ നിന്ന് എരുവട്ടിതണ്ടയാന്‍ എള്ളെണ്ണയും ഇളനീരുമായി കൊട്ടിയൂരിലെത്തിച്ചേര്‍ന്നിരുന്നു.
തിരുവഞ്ചിറയിലെ കിഴക്കേ നടയിലാണ് ഇളനീര്‍ വെപ്പ് നടന്നത്. ഇളനീര്‍ വ്രതക്കാര്‍ സന്ധ്യയോടെ മന്ദംചേരിയിലെ ബാവലിക്കരയില്‍ എത്തി ഇളനീര്‍ വെപ്പിനുള്ള മുഹൂര്‍ത്തം കാത്തിരുന്നു . ക്ഷേത്രത്തിലെ രാത്രി പൂജാകര്‍മ്മങ്ങള്‍ കഴിഞ്ഞ ഉടനെ രാശി വിളിച്ചു. ഇതോടെ ഭക്തര്‍ ഇളനീര്‍ക്കാവോടുകൂടി ബാവലിപ്പുഴയില്‍ മുങ്ങി അക്കരെ കൊട്ടിയൂരിലേക്ക് കുതിച്ചു .
തിരുവഞ്ചിറയുടെ കിഴക്കേ നടയില്‍ വിരിച്ച തട്ടും പോളയിലുമാണ് ഇളനീര്‍ക്കാവുകള്‍ സമര്‍പ്പിച്ചത്. രാത്രി മുഴുവന്‍ തുടരുന്ന ഇളനീര്‍ സമര്‍പ്പണം അഷ്ടമി നാളില്‍ കാലത്ത് എണ്ണയും ഇളനീരും സമര്‍പ്പിക്കുന്നതോടെ സമാപിക്കും. ഇന്ന് രണ്ടാമത്തെ ആരാധനയായ അഷ്ടമി ആരാധനയും രാത്രി ഇളനീരാട്ടവും നടക്കും.
Post a Comment