താജ്മഹൽ സമുച്ചയത്തിലെ മസ്ജിദിൽ നമസ്‌കരിച്ച നാല് വിനോദ സഞ്ചാരികളെ പൊലീസ് അറസ്റ്റ് ചെയ്തു. നാല് യുവാക്കളിൽ മൂന്ന് പേർ തെലങ്കാനയിൽ നിന്നും, ഒരാൾ ഉത്തർപ്രദേശിലെ അസംഗഢിൽ നിന്നുള്ളതുമാണ്. താജ് സമുച്ചയത്തിൽ നിർമ്മിച്ച പള്ളിയിൽ വെള്ളിയാഴ്ചകളിൽ മാത്രമേ പ്രാർത്ഥന അനുവദിക്കൂ. ഇതറിയാതെയാണ് യുവാക്കൾ ഇവിടെ നമസ്‌കരിച്ചത്.
ബുധനാഴ്ചയാണ് ഹൈദരാബാദിൽ നിന്ന് നാല് യുവാക്കൾ താജ്മഹൽ കാണാൻ ആഗ്രയിൽ എത്തിയത്. താജ്മഹൽ സന്ദർശിച്ച ശേഷം, നാലുപേരും പരിസരത്തെ പള്ളിയിൽ നമസ്കാരം ആരംഭിച്ചു. താജിന്റെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇവരെ പിടികൂടി താജ്ഗഞ്ച് പൊലീസിൽ ഏൽപ്പിച്ചു. ആറ് പേർ പള്ളിയിൽ നമസ്‌കരിക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെങ്കിലും രണ്ട് പേർ ഓടി രക്ഷപ്പെട്ടു.
153-ാം വകുപ്പ് പ്രകാരമാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയ ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. എല്ലാ വെള്ളിയാഴ്ചയും പ്രാദേശിക ആളുകൾക്ക് മാത്രമേ ഇവിടെ നമസ്കാരത്തിന് അനുമതിയുള്ളു.
Post a Comment