ഉത്തരാഖണ്ഡ് റോഡ്‌വേസ് യൂണിയൻ നേതാവും സംസ്ഥാന സർക്കാരിൽ മന്ത്രിയുമായിരുന്ന രാജേന്ദ്ര ബഹുഗുണ ആത്മഹത്യ ചെയ്തു. വീടിനു സമീപം നിർമിച്ച ഓവർഹെഡ് ടാങ്കിൽ കയറി സ്വയം വെടിവയ്ക്കുകയായിരുന്നു. കുടുംബ വഴക്കുമായി ബന്ധപ്പെട്ട് മരുമകൾ ഉന്നയിച്ച ആരോപണങ്ങളിൽ ബഹുഗുണ കടുത്ത മാനസിക സമ്മർദ്ദം നേരിട്ടിരുന്നതായി പൊലീസ് അറിയിച്ചു.
മരുമകളുടെ പരാതിയിൽ രാജേന്ദ്രയ്‌ക്കെതിരെ പോക്‌സോ കേസെടുത്തിരുന്നതായി നൈനിറ്റാൾ എസ്‌എസ്‌പി പങ്കജ് ഭട്ട് പറഞ്ഞു. “ഹൽദ്വാനിയിലെ ഭഗത് സിംഗ് കോളനിയിലെ വാട്ടർ ടാങ്കിൽ കയറുന്നതിന് മുമ്പ് അദ്ദേഹം തന്നെ പൊലീസിനെ വിളിച്ച് വിവരം അറിയിച്ചു. പൊലീസ് അവിടെയെത്തി അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും, നാടൻ പിസ്റ്റൾ ഉപയോഗിച്ച് സ്വയം വെടിവച്ചു” – ഭട്ട് അറിയിച്ചു.
ഉടൻ പൊലീസ് സംഘവും അവിടെയുണ്ടായിരുന്നവരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. ചെറുമകളോട് മോശമായി പെരുമാറിയെന്ന് മരുമകൾ ആരോപിച്ചിരുന്നതായും ഇതോടെ ബഹുഗുണ അസന്തുഷ്ടനായിരുന്നതായും വീട്ടുകാര് പറയുന്നു. ഈ കേസിൽ പെൺകുട്ടിയുടെ മൊഴി പോലും പൊലീസ് ഇതുവരെ എടുത്തിരുന്നില്ല. ചൊവ്വാഴ്ച അയൽവാസിയും ഇയാൾക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തിരുന്നു.
രാജേന്ദ്ര ബഹുഗുണയുടെ മകൻ ഭാര്യയുമായി പിണക്കത്തിലായിരുന്നു. ഭർത്താവിൽ നിന്ന് അകന്ന് വീടിന്റെ മറ്റൊരു മുറിയിലായിരുന്നു താമസം. പിതാവിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതിന് ഭാര്യയ്‌ക്കെതിരെ മകൻ പരാതി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുമെന്ന് എസ്എസ്പി അറിയിച്ചു. ഭാരതീയ മസ്ദൂർ സംഘ്, പരിവാഹൻ സംഘ്, റോഡ്‌വേസ് എംപ്ലോയീസ് യൂണിയൻ, ഐഎൻടിയുസി മസ്ദൂർ സംഘ് എന്നിവയുടെ നേതാവായിരുന്നു. എൻ ഡി. തിവാരിയുടെ കാലത്ത് അദ്ദേഹം പദവിയുള്ള സഹമന്ത്രിയും ആയി. എന്നാൽ പിന്നീട് അദ്ദേഹം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു.
Post a Comment