Join News @ Iritty Whats App Group

തൃശ്ശൂർ ഗവ. എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിനിക്ക് ഷി​ഗെല്ല; കോളേജ് യൂണിയൻ കലോത്സവം മാറ്റിവച്ചു



തൃശ്ശൂർ ഗവണ്‍മെന്‍റ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിനിക്ക് ഷി​ഗെല്ല രോ​ഗം സ്ഥിരീകരിച്ചു. രോ​ഗബാധ കൂടുതൽ ആളുകളിലേക്ക് പടരാതിരിക്കാനുളള മുൻകരുതൽ നടപടികൾ ആരോ​ഗ്യ വകുപ്പ് ആരംഭിച്ചു കഴിഞ്ഞു. ഇതുവരെ രണ്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചതെങ്കിലും മുപ്പതോളം പേർക്ക് ലക്ഷണങ്ങളുണ്ട്.  ഷി​ഗെല്ല സ്ഥീരീകരിച്ചതിനെ തുടർന്ന് കോളേജിൽ അടുത്ത മൂന്ന് ദിവസങ്ങളിലായി നടത്താനിരുന്ന കോളേജ് യൂണിയൻ കലോത്സവം മാറ്റിവച്ചു.

കോളേജ് ഹോസ്റ്റലിൽ താമസിച്ചിരുന്ന പെൺകുട്ടിക്ക് രണ്ട് ദിവസം മുമ്പ് ലക്ഷണങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. കൂടുതൽ കുട്ടികളിലേക്ക് രോഗം പടരാതിരിക്കാൻ പെൺകുട്ടിയെ കരുതൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

കോളേജിലെ ഹോസ്റ്റലിലായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോസ്റ്റലുകളിലായി 950 വിദ്യാർത്ഥികളാണുള്ളത്. രോഗവ്യാപനം തടയുന്നതിന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി മാർഗ്ഗനിർദ്ദേശങ്ങൾ നൽകിട്ടിണ്ട്. രോ​ഗ ലക്ഷണങ്ങളുളളവർ പരിശോധനയ്ക്ക് വിധേയരാവണമെന്നും ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

കോളേജിലെ കുടിവെളള സ്രോതസ്സുകളിൽ നിന്ന് വെളളം പരിശോധനയ്ക്കായി ആരോ​ഗ്യ വകുപ്പ് ഉദ്യോ​ഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. എവിടെ നിന്നാണ് വിദ്യാർത്ഥിനിക്ക് രോഗ ബാധയുണ്ടായതെന്ന പരിശോധന തുടരുകയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ഷിഗെല്ല വിഭാഗത്തിൽപെടുന്ന ബാക്ടീരിയകളാണ് ഷിഗല്ലോസിസ് രോഗാണുബാധയ്ക്ക് കാരണമാവുന്നത്. ഈ രോഗത്തിന്റെ പ്രധാന ലക്ഷണം വയറിളക്കമാണ്. രോഗ ലക്ഷണങ്ങൾ ഗുരുതരാവസ്ഥയിലെത്തിയാൽ അഞ്ച് വയസിന് താഴെ രോഗം പിടിപെട്ട കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും മരണ സാധ്യത കൂടുതലാണ്.

വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിൽ ഷിഗെല്ല രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും. രോഗികളുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർക്കമുണ്ടായാലും രോഗം എളുപ്പത്തിൽ വ്യാപിക്കും. പനി, രക്തംകലർന്ന മലവിസർജ്ജനം, നിർജ്ജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണം

Post a Comment

Previous Post Next Post
Join Our Whats App Group