ഇരിട്ടി: കേര കർഷകർക്കായി ഒന്നേകാൽ ലക്ഷം തെങ്ങിൻ തൈകൾ വിൽപ്പനക്കൊരുക്കി ആറളം ഫാം. ഇതോടൊപ്പം ഫല വൃക്ഷങ്ങൾ അടക്കം വിവിധയിനം നടീൽ വസ്തുക്കളുടെ വിൽപ്പനയും ആറളം ഫാമിലെ സെൻട്രൽ നഴ്‌സറിയിൽ ആരംഭിച്ചു. കേരളത്തിലെ മികച്ച നടീൽ വസ്തുക്കളുടെ വിപണന കേന്ദ്രമായാണ് ആറളം ഫാം അറിയപ്പെടുന്നത്. ഇക്കുറി ഇടവപാതിക്ക് മുൻപേ നല്ല നിലയിൽ വേനൽ മഴ ലഭിച്ചതോടെ കർഷകർ നേരത്തെ തന്നെ കൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ആറളം ഫാമിന്റെ സെൻട്രൽ നഴ്‌സറിയിലും നിരവധി പേരാണ് നടീൽ വസ്തുക്കൾക്കായി എത്തുന്നത്.
ഒന്നേകാൽ ലക്ഷത്തോളം തെങ്ങിൻ തൈകൾക്കൊപ്പം ഒന്നര ലക്ഷത്തോളം സങ്കരയിനം വിവിധ ഗ്രാഫ്റ്റ് കശുമാവിൻ തൈകളും 50,000 ത്തോളം കരുമുളക് തൈകളും അത്രതന്നെ കമുങ്ങിൻതൈകളും ഇവിടെ വിപണനത്തിന് തെയ്യാറായി. പരമ്പരാഗത നടീൽ വസ്തുക്കൾക്ക് പുറമെ അലങ്കര ചെടികളും, മത്സ്യം വളർത്തലും പുതിയ വിത്തനങ്ങളുമൊക്കെ ഫാമിൽ നിന്നും ലഭിക്കും. നടീൽ വസ്തുക്കളുടെ വിൽപ്പനയുടെ നാലുകോടിയോളം രൂപ സമാഹരിക്കാനുള്ള ശ്രമമാണ് ഫാം അധികൃതർ നടത്തുന്നത്.
കനക, ധന, സുലഭ, പ്രിയങ്ക ഇനത്തിൽപ്പെട്ട കശുമാവിൻ തൈകളാണ് വിപണത്തിന് തയാറാക്കിയിരിക്കുന്നത്. ഗ്രാഫ്റ്റ് തൈകൾക്ക് 50രൂപയാണ് വില. തെങ്ങിൻതൈകളിൽ ഡബ്ലു സി ടി കുറ്റ്യാടിയും, എൻ സി ഡി തൈകളുമാണ് ഉള്ളത്. കുറ്റ്യാടിക്ക് 200, എൻ സി ഡിക്ക് 300 രൂപയുമാണ് വില . മംഗള, സുമംഗള, കാസർക്കോടൻ ഇനങ്ങളിൽപ്പെട്ട കമുങ്ങിൻ തൈകൾക്കും ആവശ്യക്കാർ ഏറെയാണ്. കൂടാതെ വിവിധയിനം മാവ്, പ്ലാവ്, മറ്റ് ഫലവ്യക്ഷതൈകളും സുലഭമാണ്.
കാട്ടാന ശല്യം രൂക്ഷമായി ഇപ്പോഴും ആറളം ഫാമിൽ തുടരുകയാണ്. കുറേ വര്ഷങ്ങളായി ആനകൾ ഫാമിന്റെ അന്തകനായി മാറിയിരിക്കുന്ന അവസ്ഥയിലാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നിറയെ കാഴ്ഫലമുള്ള 5000ത്തോളം തെങ്ങുകളാണ് ആനക്കൂട്ടം നശിപ്പിച്ചത്. ആയിരക്കണക്കിന് കശുമാവും റബറും കമുങ്ങുമെല്ലാം ആനകൂട്ടങ്ങൾ വ്യാപകമായി നശിപ്പിച്ചു. സെൻട്രൽ നേഴ്‌സറിയിലെ വേലിക്കെട്ടുകൾ തകർത്ത് ആയിരത്തിലധികം തെങ്ങിൻ തൈകളും നശിപ്പിച്ചിരുന്നു. 12 ലക്ഷം രൂപ ചിലവഴിച്ച് മൂന്ന് ഹെക്ടറിലധികം വ്യാപിച്ചു കിടക്കുന്ന നേഴ്‌സറിയെ സംരക്ഷിക്കുന്നതിനായി ചുറ്റും സൗരോർജ്ജവേലി സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ പലപ്പോഴും ഇതും ആക്രമിച്ചു തകർക്കുന്ന അവസ്ഥയുണ്ടായി.
മൂന്ന് ഹെക്ടറിൽ വിത്ത് തൈകൾ ഉണ്ടടക്കുക എന്ന ലക്ഷ്യത്തോടെ കരുമുളക് തോട്ടം ഉണ്ടാക്കാനുള്ള പ്രവ്യത്തിയും ആരംഭിച്ചിട്ടുണ്ട്. ഫാമിന്റെ ഒന്ന്, അഞ്ച് ബ്ലോക്കുകളിലാണ് മാതൃതാ തോട്ടം ഉണ്ടാക്കുന്നത്. പന്നിയൂർ ഒന്ന് മുതൽ എട്ടുവരെയുള്ള ചെടികൾ ഉത്പ്പാദിപ്പിക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ആദിവസികൾക്ക് പതിച്ചു നൽകിയ ഭൂമിയിലെ സങ്കരയിനം തെങ്ങുകൾ കണ്ടെത്തി പാട്ടത്തിനെടുത്ത് സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളും നടത്തിയിരുന്നു. എൻ സി ഡി ഉൾപ്പെടെയുള്ള വിത്തനങ്ങൾ ഇതിലൂടെയാണ് ശേഖരിച്ചത്.
കുറച്ചു മാസങ്ങളായി പ്രവർത്തനം നിർത്തിവെച്ച ഇരിട്ടി പയഞ്ചേരിയിലെ ആറളം ഫാമിന്റെ നടീൽ വിപണന കേന്ദ്രം വീണ്ടും തുറന്നു പ്രവർത്തിപ്പിക്കും. നടീൽ വസ്തുക്കൾ ഫാമിൽ പോയി വാങ്ങുന്നതിലുള്ള പ്രയാസം പരിഹരിക്കുന്നതിനായാണ് ഇരിട്ടിയിൽ വീണ്ടും വിപണന കേന്ദ്രം തുറക്കുന്നത്. മുൻപ് പ്രവർത്തിച്ച പയഞ്ചേരിയിലെ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപത്തെ കെട്ടിട്തതിൽ തന്നെയായിരിക്കും ഇത് പ്രവർത്തിക്കുക. എല്ലാ തരം നടീൽ വസ്തുക്കളും വിത്തുകളും അലങ്കര ചെടികളും ഇവിടെനിന്നും ലഭ്യമാക്കുമെന്നും ആറളം ഫാം ബ്രാന്റ് ഉത്പ്പാന്നങ്ങളും ഇതോടൊപ്പം ലഭ്യമാക്കുമെന്നും ഫാം എം ഡി ബിമൽ ഘോഷ് അറിയിച്ചു .
Post a Comment