ഇരിട്ടി: ഇരിട്ടി ബസ് സ്റ്റാൻഡിൽ സ്ഫോടനം.പരിഭ്രാന്തരായി ജനം.പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി. ഇരിട്ടി പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ നടത്തിയ മോക്ഡ്രിൽ ആയിരുന്നു ഇത്.
തിങ്കളാഴ്ച ഉച്ചക്ക് 2:30 ഓടെ ഇരിട്ടി പുതിയ ബസ്റ്റാൻഡിലുള്ള കംഫർട്ട് സ്റ്റേഷന് സമീപത്താണ് സ്ഫോടനം ഉണ്ടായത്.സ്ഫോടനം നടന്നതിനു പിന്നാലെ സ്ഫോടനം നടത്തിയ രണ്ടുപേരെ സമീപത്തുള്ളവർ പിടികൂടി. പരിക്കേറ്റ നിലയിൽ രണ്ടുപേർ വീണു കിടക്കുന്നു.
ഇതായിരുന്നു ശബ്ദം കേട്ട് ഓടിക്കൂടിയ ആളുകൾക്ക് കാണാൻ കഴിഞ്ഞത്. അല്പ സമയത്തിനകം ഇരിട്ടി ഡി വൈ എസ് പി സജേഷ് വാഴാളപ്പിൽ, സി ഐ. കെ ജെ ബിനോയ്, പ്രിൻസിപ്പിൾ എസ് ഐ ദിനേശൻ കൊതേരി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി. തൊട്ടു പിന്നാലെ ഇരിട്ടിയിലെ ഫയർ ഫോഴ്സും ആംബുലൻസും സ്ഥലത്തെത്തി.നാട്ടുകാർ പിടിച്ചു വെച്ചിരുന്ന രണ്ടുപേരെ പോലീസ് വാഹനത്തിൽ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
പിന്നാലെ പരികേറ്റവരെ ആംബുലൻസിലും കയറ്റി. സ്ഫോടനം നടന്ന സ്ഥലം ഫയർ ഫോഴ്സ് വെള്ളം ഒഴിച്ചു വൃത്തിയാക്കി.പിന്നീട് ആണ് ഇത് പോലീസിന്റെ മോക്ഡ്രിൽ ആയിരുന്നു എന്നു ജനങ്ങൾക്ക് മനസിലായത്. ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം അടിയന്തര ഘട്ടങ്ങളിൽ എങ്ങനെ പ്രവർത്തിക്കണം എന്നതിന്റെ ഒരു ബോധവൽക്കരണ പരിപാടിയായിരുന്നു ഇതെന്ന് ഡി വൈ എസ് പി സജേഷ് വാഴാളപ്പിൽ പറഞ്ഞു.
Post a Comment