കേളകം: കാലങ്ങളായി നിലച്ച മാനന്തവാടിയില്‍നിന്ന് കോട്ടയത്തേക്കുള്ള കെ.എസ്.ആര്.ടി.സി ലിമിറ്റഡ് സ്റ്റോപ് ഫാസ്റ്റ് പാസഞ്ചര്‍ സര്‍വിസ് കൊട്ടിയൂര്‍ ഉത്സവകാലമായിട്ടും പുനരാരംഭിക്കാത്തതില്‍ പ്രതിഷേധം ശക്തം.
വൈശാഖ മഹോത്സവ കാലത്ത് തെക്കന്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും മലയോരത്തെ മറ്റനേകം യാത്രക്കാര്‍ക്കും ഉപകാരപ്പെടുന്ന ദീര്‍ഘദൂര സര്‍വിസ് പുനരാരംഭിക്കാന്‍ കേളകം ആസ്ഥാനമായ കെ.എസ്.ആര്.ടി.സി സംരക്ഷണ സമിതി ഗതാഗതമന്ത്രിക്കും, വകുപ്പ് മേധാവികള്‍ക്കും, സണ്ണി ജോസഫ് എം.എല്‍.എക്കും നിവേദനം നല്‍കിയിരുന്നു. കേളകം കെ.എസ്.ആര്.ടി.സി. സംരക്ഷണസമിതി ഭാരവാഹികളായ അഡ്വ. ഇ.ജെ. റോയി, ബിന്റോ കറുകയില്‍ എന്നിവരാണ് ആഴ്ച്ചകള്‍ മുമ്ബ് നിവേദനം നല്‍കിയത്.
മാനന്തവാടി ഡിപ്പോയില്‍ തന്നെ കൂടുതല്‍ വരുമാനമുള്ള (30,000 രൂപ-40,000 രൂപ) ഈ സര്‍വിസ് പുനരാരംഭിക്കാത്തതിന്റെ കാരണം അവ്യക്തമാണ്. രാത്രി 7.45ന് മാനന്തവാടിയില്‍നിന്ന് കോട്ടയത്തേക്കുള്ള ലിമിറ്റഡ് സ്റ്റോപ് ഫാസ്റ്റ് പാസഞ്ചര്‍ കൊട്ടിയൂര്‍-ഇരിട്ടി -തലശ്ശേരി-കോഴിക്കോട്-എടപ്പാള്‍-തൃശൂര്‍-മൂവാറ്റുപുഴ വഴി രാവിലെ കോട്ടയത്തെത്തുന്ന സര്‍വിസാണിത്. വൈകീട്ട് 5:20ന് കോട്ടയത്തുനിന്നും പുറപ്പെട്ട് രാവിലെ തിരിച്ചെത്തും.
കൊട്ടിയൂര്‍ തീര്‍ഥാടകര്‍ക്കൊപ്പം, മേഖലയിലെ വ്യാപാരികള്‍, വിദ്യാര്‍ഥികള്‍, തുടങ്ങി നൂറ് കണക്കിനാളുകള്‍ക്ക് സൗകര്യപ്രദമാകുന്ന സര്‍വിസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂനിറ്റ് പ്രസിഡന്റ് ജോര്‍ജ്കുട്ടി വാളു വെട്ടിക്കല്‍, കേളകം യൂനിറ്റ് ജനറല്‍ സെക്രട്ടറി ജോസഫ് പാറക്കല്‍ എന്നിവര്‍ അറിയിച്ചു
Post a Comment