ന്യൂഡല്‍ഹി: ഭിന്നശേഷിയുള്ള കുട്ടിയ്ക്ക് വിമാന യാത്ര നിഷേധിച്ച സംഭവത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് അഞ്ച് ലക്ഷം രൂപ പിഴ. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് (DGCA) പിഴ ചുമത്തിയത്.
ഇന്‍ഡിഗോ ഗ്രൗണ്ട് സ്റ്റാഫ് ഭിന്നശേഷിയുള്ള കുട്ടിയെ മോശമായ രീതിയിലാണ് കൈകാര്യം ചെയ്തതെന്നും ഇത് പ്രശ്‌നം കൂടുതല്‍ വഷളാക്കിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും ഡിജിസിഎ പ്രസ്താവനയില്‍ അറിയിച്ചു. ജീവനക്കാരില്‍നിന്ന് അനുകമ്പയോടെയുള്ള പെരുമാറ്റം ഉണ്ടായിരുന്നെങ്കില്‍ കുട്ടിയുടെ അസ്വസ്ഥത മാറുമായിരുന്നുവെന്നും ഡിജിസിഎ വ്യക്തമാക്കി.
കഴിഞ്ഞ മേയ് ഏഴിന് റാഞ്ചി വിമാനത്താവളത്തിലായിരുന്നു ഭിന്നശേഷിയുള്ള കുട്ടിയെ വിമാനത്തില്‍ യാത്ര ചെയ്യുന്നതില്‍ നിന്നും വിലക്കിയത്. കുട്ടിയും കുടുംബവും നേരിട്ട ദുരവസ്ഥ വിമാനത്തിലെ മറ്റൊരു യാത്രക്കാരി ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചതോടെയാണ് സംഭവം വലിയ വിവാദമായത്.
സാമൂഹിക മാധ്യമങ്ങളിള്‍ ഉള്‍പ്പെടെ വിമാനക്കമ്പനിക്കെതിരേ വിമര്‍ശനം ഉയര്‍ന്നു. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇതിനുപിന്നാലെയാണ് സംഭവത്തില്‍ ഡിജിസിഎ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയതും വിശദമായ അന്വേഷണം നടത്തിയതും.
Post a Comment