ഇന്ത്യയിൽ സ്വകാര്യ ടെലികോം സേവനദാതാക്കൾ പ്രീപെയ്ഡ് താരിഫുകൾ വർധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ദീപാവലിയോടെ പ്രീപെയ്ഡ് താരിഫുകൾ 10 ശതമാനം മുതൽ 12 ശതമാനം വരെ വർധിപ്പിച്ചേക്കാനാണ് സാധ്യത. താരിഫ് വർധനവ് നിലവിൽ വരുന്നതോടെ ഓരോ ഉപയോക്താവിൽ നിന്നും ശരാശരി നിരക്ക് പത്ത് ശതമാനം കൂടി ഉയരുമെന്നാണ് മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം. ഒക്ടോബറിലോ നവംബറിലോ താരിഫ് വർധനവ് ഉണ്ടായേക്കാം. ഭാരതി എയർടെൽ, ജിയോ, വി എന്നിവയുടെ എആർപിയു യഥാക്രമം 200, 185, 135 രൂപയായി ഉയർത്താനാണ് സാധ്യത.
2023 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ ആളുകളെ തങ്ങളുടെ സേവനദാതാക്കൾ ആക്കാനുള്ള നീക്കത്തിലാണ് ഭാരതി എയർടെലും റിലയൻസ് ജിയോയും. രാജ്യത്തുടനീളം ശക്തമായ 4ജി നെറ്റ്‌വർക്കാണ് ഈ രണ്ട് ടെലികോം കമ്പനികൾക്കും ഉള്ളത്. അതുകൊണ്ട് തന്നെ കൂടുതൽ ഉപഭോക്താക്കളെ ചേർക്കാൻ പുതിയ പദ്ധതികൾ ഇരു ടെലികോം കമ്പനികളും ആസൂത്രണം ചെയ്യുന്നുണ്ട്. എന്നാൽ വി ഇപ്പോഴും പ്രതിസന്ധിയിലാണ്. ഓരോ മാസവും വി യുടെ പ്രകടനം താഴെയാണെന്നാണ് റിപ്പോർട്ടുകൾ.
വരുംവർഷങ്ങളിൽ ഒന്നിലധികം നിരക്ക് വർദ്ധനവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. താരിഫ് വർധനയുടെ കാര്യത്തിൽ വോഡഫോൺ ഐഡിയയും എയർടെല്ലിനെ പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എയർടെൽ താരിഫ് വർധിപ്പിക്കുന്നത് ഒരു പക്ഷെ വി യ്ക്ക് ഗുണകരമാകാനുള്ള സാധ്യതയും വിദഗ്ധർ തള്ളിക്കളയുന്നില്ല. എന്നാൽ നിരക്ക് വർധിപ്പിച്ചാൽ വിയുടെ ആർപു 150 രൂപ കടന്നേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, ജിയോ നിരക്ക് വർധനവിനെ കുറിച്ച് ഇതുവരെ സൂചനകളൊന്നും നൽകിയിട്ടില്ല
Post a Comment